തിരുവല്ല: ആളൊഴിഞ്ഞ സ്ഥലത്ത് അപകടത്തിൽപ്പെട്ട മൂന്നുപേരുടെ ജീവൻ സമയോചചിതമായ ഇടപെടലിൽ രക്ഷിച്ച് ജിജി മോൾ എന്ന വീട്ടമ്മ. ഉറപ്പില്ലാത്ത നടപ്പാലം മുറിച്ചു കടക്കുന്നതിനിടെ തൂണുകൾ തകർന്ന് തോട്ടിൽ വീണ മൂന്നുപേരെയാണ് ജിജി രക്ഷിച്ചത്.
പെരിങ്ങര വേങ്ങൽ ചേന്നനാട്ടിൽ ഷാജിയുടെ ഭാര്യ ജിജിമോൾ ഏബ്രഹാം (45) ആണ് വേങ്ങൽ ചെമ്പരത്തിമൂട്ടിൽ വിനീത് കോട്ടേജിൽ വിനീത് വർഗീസ് (27), ഭാര്യ മെർലിൻ വർഗീസ് (25), വിനീതിന്റെ ബന്ധു സജിൻ സണ്ണി (28) എന്നിവരെ രക്ഷിച്ച് കരയ്ക്ക് എത്തിച്ചത്. അപകടം നടന്ന സമയത്ത് നല്ലവണ്ണം നീന്തലറിയാവുന്ന ജിജി മോൾ എത്തിയതാണ് മൂന്ന് ജീവനുകൾ രക്ഷപ്പെടാൻ സഹായരമായത്.
വിനീതിന്റെ വീട്ടിൽനിന്ന് ഒരുകിലോമീറ്ററോളം അകലെയുള്ള പഴഞ്ചോറ്റുവിരിപ്പിൽപടിക്കു സമീപം വേങ്ങൽ തോട് കാണാനായി എത്തിയതായിരുന്നു മൂവരും. വ്യാഴാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ഇരുമ്പുകമ്പികൾ ഉപയോഗിച്ച് തോടിനുകുറുകെ രണ്ടടി വീതിയിൽ പണിതതാണ് നടപ്പാലം. പാലത്തിന് മധ്യഭാഗത്ത് മൂവരും എത്തിയപ്പോൾ തൂണുതകർന്ന് തോട്ടിൽ വീഴുകയായിരുന്നു.
ഇതേസമയത്ത് സ്വകാര്യ മെഡിക്കൽ കോളേജിൽ കോഫി സ്റ്റാൾ നടത്തുന്ന ജിജിമോൾ സമീപത്തുകൂടി സ്‌കൂട്ടറിൽ പോകുകയായിരുന്നു. നിലവിളി ശബ്ദം കേട്ടാണ് ജിജിമോൾ വണ്ടി നിർത്തി ഓടിയെത്തിയത്. ആ സമയ്ത് കണ്ടത് വിനീത് പാലത്തിന്റെ അവശേഷിച്ചഭാഗത്ത് പിടിച്ചുനിൽക്കുന്നതും മറ്റുരണ്ടുപേരും പടിഞ്ഞാറേക്ക് ഒഴുകി പോകുന്നതുമാണ്. നീന്തലറിയുന്നതിനാൽ ജിജി മോൾ മറ്റൊന്നും ആലോചിക്കാതെ രക്ഷാപ്രവർത്തനത്തിനായി തോട്ടിലേക്ക് ചാടി. ആദ്യം വിനീതിനെ കരയിലേക്ക് വലിച്ചടിപ്പിച്ചു.
നീന്തലറിയാത്ത മെർലിൻ മുങ്ങിപ്പോകുന്ന അവസ്ഥയിലായിരുന്നു. ഈ സമയം ജോമോളുടെ നിലവിളികേട്ട് നാട്ടുകാരിൽ ചിലരുമെത്തി. ഇരുവരെയും ജിജിമോൾ കരയിലേക്ക് വലിച്ചടുപ്പിച്ചതോടെ നാട്ടുകാർ കരയിലേക്ക് കയറ്റി. ആർക്കും പരിക്കുകളൊന്നും ഏറ്റിട്ടില്ല.
ആറുമാസം മുമ്പായിരുന്നു വിനീതിന്റെയും മെർലിന്റേയും വിവാഹം. അതിനുശേഷം ആദ്യമായി നാട്ടിലത്തിയതായിരുന്നു ഇവർ. വേങ്ങൽ-വേളൂർ മുണ്ടകം റോഡിന് സമാന്തരമായി ഒഴുകുന്ന വേങ്ങൽതോടിന് 30-അടിയിലധികം വീതിയുണ്ട്. രണ്ടാൾ താഴ്ചയും.
അതേസമയം, ആൾത്താമസം വളരെ കുറഞ്ഞ ഈ പ്രദേശത്ത് കൃത്യസമയത്ത് ജിജിമോളുടെ ഇടപെടലുണ്ടായതാണ് തുണയായത്. എം.കോം വിദ്യാർഥിനി കെസിയ, നാലാംക്ലാസ് വിദ്യാർഥി കെസ്വിൻ എന്നിവരാണ് ജിജിയുടെ മക്കൾ.