കടൽ കാണാനായി കാറിൽ നിന്നിറങ്ങി; കൊണ്ടുപോയത് മരണം; രണ്ട് അപകടങ്ങളിലായി പൊലിഞ്ഞത് മൂന്ന് ജീവനുകൾ

അമ്പലപ്പുഴ: ആലപ്പുഴ ജില്ലയിൽ വ്യാഴാഴ്ച ഉണ്ടായ രണ്ട് അപകടങ്ങളിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ. കാർ നിരത്തിലേക്ക് പാഞ്ഞുകയറി ഏഴുവയസുകാരിയും ബന്ധുവും മരണപ്പെട്ടു. രണ്ടാമത്തെ അപകടത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ബൈക്ക് യാത്രികനാണ് മരിച്ചത്.

പുറക്കാട്ടും മാങ്കാംകുഴി പാറക്കുളങ്ങരയിലുമാണ് അപകടമുണ്ടായത്. ദേശീയപാതയിൽ പുറക്കാട് പുന്തലയ്ക്കുസമീപം നിയന്ത്രണംവിട്ട കാർ, റോഡരികിൽ നിന്നവർക്ക് ഇടയിലേക്കു പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ ഒരുകുടുംബത്തിലെ രണ്ടുപേർ മരിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം.

ചാരുംമൂട് പുതുപ്പള്ളിക്കുന്നം പാലവിളക്കിഴക്കേതിൽ സുനിലിന്റെ മകൾ നസ്രിയ (ഏഴ്), സുനിലിന്റെ സഹോദരി പുതുപ്പള്ളിക്കുന്നം നജീബ് മൻസിലിൽ മിനിത (40) എന്നിവരാണു മരിച്ചത്. സുനിലിന്റെ പിതാവ് അബ്ദുൾ അസീസ് (68), മാതാവ് നബീസ (64), മറ്റൊരു സഹോദരി സുനിത (40), സുനിതയുടെ ഭർത്താവ് നൂറനാട് മാമ്മൂട് അൻഷാദ് മൻസിലിൽ ജലാൽ (45) എന്നിവരെ പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജലാലിന്റെ കാറിൽ എറണാകുളത്ത് ഒരു വിവാഹത്തിന് പോയി വീട്ടിലേക്കു മടങ്ങുകയായിരുന്ന ഇവർ പുന്തലയിലെത്തിയപ്പോൾ കടലുകാണാൻ ഇറങ്ങിയിരുന്നു. തുടർന്ന് നിരത്തുമുറിച്ചുകടക്കാൻ കാത്തുനിൽക്കുമ്പോൾ ആലപ്പുഴ ഭാഗത്തേക്കുപോയ മറ്റൊരുകാർ ഇവർക്കിടയിലേക്കു പാഞ്ഞുകയറിയാണ് അപകടം.

പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും നസ്രിയയെയും മിനിതയെയും രക്ഷിക്കാനായില്ല. അപകടത്തിനിടയാക്കിയ കാർ റോഡരികിലെ വൈദ്യുതിത്തൂൺ ഇടിച്ചുമറിച്ചാണു നിന്നത്. ഡ്രൈവർ പാലക്കാട് കഞ്ചിക്കോട് അബ്ദുൾ റഷീദി(50)നെ അമ്പലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി. താഹയാണു മരിച്ച മിനിതയുടെ ഭർത്താവ്. മക്കൾ: നജീബ്, ഫർഹാന. ജാസ്മിയാണു നസ്രിയയുടെ മാതാവ്. സഹോദരി: നസ്രിൻ.

ALSO READ- ആനയുടെ ചിന്നം വിളി കേട്ട് വയലിലേക്ക് ഓടിമാറി; പിറകെ എത്തി ചവിട്ടിക്കൊന്ന് കാട്ടാന; വയോധികന്റെ മരണത്തിൽ സ്ഥലത്ത് പ്രതിഷേധം

കൊല്ലം-തേനി ദേശീയപാതയിൽ മാങ്കാംകുഴി പാറക്കുളങ്ങരയിൽ ബൈക്ക് അപകടത്തിൽ ചെങ്ങന്നൂർ മുണ്ടൻകാവ് ഭസ്മക്കാട്ടിൽ ഗോകുലം വീട്ടിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ മകൻ അമൽകൃഷ്ണനാ (ശങ്കരൻ-35) ണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചേ 1.15-നാണ് അപകടം. കൊല്ലകടവ് സ്വകാര്യആശുപത്രിയിലെ ഇലക്ട്രിക്കൽ സൂപ്പർവൈസറായിരുന്നു അമൽകൃഷ്ണൻ.

മാങ്കാംകുഴിഭാഗത്തുനിന്നു ചാരുംമൂട് ഭാഗത്തേക്കു പോകുകയായിരുന്നു. ലീലാമണിയാണ് അമ്മ. ഭാര്യ: മഞ്ജു. മക്കൾ: ആദികേഷ്, മഹാലക്ഷ്മി.

Exit mobile version