തിരുവനന്തപുരം: ട്രാൻസ്മാൻ പ്രവീൺ നാഥിന് മിസ്റ്റർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാൻ സർക്കാർ സഹായത്തിന് അനുമതിയായി. ഏഴു മാസത്തെ പരിശീലനം, താമസം, ഭക്ഷണം ഉൾപ്പെടെ 2,24,000രൂപയാണ് അനുവദിച്ചിരിക്കുന്നത്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ കഴിഞ്ഞ വർഷം മിസ്റ്റർ കേരളയായി തെരഞ്ഞെടുക്കപ്പെട്ട പ്രവീൺ നാഥിന് മിസ്റ്റർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുന്നതിന് സാമ്പത്തിക പ്രയാസം നേരിട്ടു.
കേരള ബോഡി ബിൽഡിങ് അസോസിയേഷൻ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ട്രാൻസ്ജെൻഡർ വിഭാഗത്തിനു പ്രത്യേക മത്സരം കൊണ്ടുവരാൻ കഴിഞ്ഞ വർഷം ആദ്യമായി തീരുമാനിച്ചതുകൊണ്ട് ആദ്യം തൃശൂർ ജില്ലയിലും പിന്നീട് സംസ്ഥാനതലത്തിലും പ്രവീൺ നാഥിനു സ്വർണ്ണം നേടാനായി.
മിസ്റ്റർ ഇന്ത്യ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയിലും പ്രവീൺ നാഥ് ഇടംപിടിച്ചു. എന്നാൽ സാമ്പത്തികം പരുങ്ങലിലാക്കി. വിഷയം ശ്രദ്ധയിൽപ്പെട്ടതും മന്ത്രി ആർ.ബിന്ദുവിന്റെ ഇടപെടൽ ഉണ്ടായി. പ്രവീൺനാഥിനു മുന്നിലുണ്ടായിരുന്ന തടസ്സങ്ങൾ നീക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സാമൂഹികനീതി വകുപ്പ് മന്ത്രി ആർ.ബിന്ദു പറഞ്ഞു.