തൊണ്ടർനാട്: സാമ്പത്തികമായി ഏറെ പരാധീനതയുള്ള കുടുംബത്തിന് താങ്ങായി കേരള സർക്കാരിന്റെ നിർമൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമെത്തി. 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ് വയനാട് കോറോം മൊട്ടമ്മൽ കോളനിയിലെ അതിരംപാറ ചന്ദ്രന്റെ മകൻ സുനീഷ് എടുത്ത ടിക്കറ്റിന് ലഭിച്ചത്.
നിർമൽ ലോട്ടറിയിലൂടെ ഒന്നാം സമ്മാനം അടിച്ചതിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ് സുനീഷും കുടുംബവും. ഇവർക്ക് ലോട്ടറി വിജയം വിശിവസിക്കാനാകുന്നില്ല. കഴിഞ്ഞ 30ന് അസുഖബാധിതനായ അച്ഛനു മരുന്നു വാങ്ങാൻ മാനന്തവാടിയിൽ പോയ സുനീഷ് മരുന്നു വാങ്ങിയതിന്റെ ബാക്കി തുകയ്ക്കാണു കേരള സർക്കാരിന്റെ നിർമൽ ഭാഗ്യക്കുറിയുടെ ടിക്കറ്റ് എടുത്തത്.
വീട്ടിലെത്തിയ സുനീഷ് ടിക്കറ്റ് അച്ഛനെ ഏൽപിച്ചു. ഒന്നാം സമ്മാനം അടിച്ചത് അറിഞ്ഞു ചന്ദ്രൻ ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കുകയും പിന്നീട് അയൽവാസിയുടെ സഹായത്തോടെ ടിക്കറ്റ് കനറാ ബാങ്ക് കോറാം ശാഖയിൽ ഏൽപിക്കുകയുമായിരുന്നു.
ചോർന്നൊലിക്കുന് കുടിലിൽ നിന്നൊരു മോചനമാണ് ഇവർ ആഗ്രഹിക്കുന്നത്. കയറിക്കിടക്കാൻ ചോരാത്ത വീടുപണിയണമെന്നും മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണമെന്നും കുടുംബം പറയുന്നു. ചന്ദ്രനും കുടുംബത്തിനും പഞ്ചായത്തിൽ നിന്നു പാസായ വീടിന്റെ പണി തുടങ്ങിയിട്ടു മൂന്നു വർഷമായി.
പണം നൽകിയിട്ടും കരാറുകാരൻ പണിപൂർത്തിയാകാത്തതിനാൽ മൂന്നു തവണ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനോടു ചേർന്നുള്ള ഷെഡിലായിരുന്നു വീട് പണിക്കിടെ താമസം. ഈ ഷെഡും ചോർന്നൊലിച്ചതോടെ കുടുംബ വീടായ മൊട്ടമ്മൽ കോളനിയിലേക്ക് താമസം മാറുകയായിരുന്നു.
ചന്ദ്രനും ഭാര്യ മോളിയും അഞ്ചു മക്കളും അമ്മയും രണ്ടു ഭാര്യാസഹോദരിമാരും ഉൾപ്പെടെ 10 പേരാണ് ഈ കൊച്ചു വീട്ടിൽ കഴിയുന്നത്.
Discussion about this post