ചേർപ്പ്: എസ്എസ്എൽസി പരീക്ഷ എഴുതിയ കുട്ടികളിൽ ഒരാൾ മാത്രം തോറ്റുപോയാൽ നഷ്ടപ്പെടുന്നത് സ്‌കൂളിന്റെ 100 ശതമാനം വിജയമാണ്. ഇത്തരത്തിൽ കുട്ടികൾ തോറ്റാൽ സ്‌കൂളിനും ടീച്ചർമാർക്കും അൽപ്പം നീരസം തോന്നുന്നത് പതിവാണ്. എന്നാൽ അതിൽ നിന്ന് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ചേർപ്പ് സിഎൻഎൻ ബോയ്സ് സ്‌കൂൾ. പത്താം ക്ലാസ് പരീക്ഷയുടെ ഫലം വന്നപ്പോൾ 293 വിദ്യാർഥികളിൽ പടിഞ്ഞാറേപ്പുരയ്ക്കൽ രാജുവിന്റെയും അമ്പിളിയുടെയും മകൻ അജുൽ രാജു മാത്രമാണു തോറ്റത്.
സ്ത്രീകള്‍ക്ക് ജീവിക്കാന്‍ അനുയോജ്യമായ സ്ഥലം : 170 രാജ്യങ്ങളുടെ പട്ടികയില്‍ 148ാമത് ഇന്ത്യ
സ്‌കൂളിന് 100% നഷ്ടമായെങ്കിലും അധികൃതർ അവനെ കുറ്റപ്പെടുത്തിയില്ല, പകരം ചേർത്തുപിടിക്കുകയായിരുന്നു. ആ ദിവസങ്ങളിൽ സ്‌കൂളിൽനിന്ന് അധ്യാപകരും കൂട്ടുകാരും ഏറ്റവും കൂടുതൽ വിളിച്ചത് അവനെയാണ്. ഇംഗ്ലിഷിലാണ് അജുൽ തോറ്റുപോയത്. എല്ലാവരും ആശ്വസിപ്പിച്ചെങ്കിലും അവൻ കഠിനമായ സംഘർഷത്തിലൂടെയാണു കടന്നു പോയത്. ഈ വേളയിലാണ് അജുലിന് അധ്യാപകരും വീട്ടുകാരും താങ്ങായത്. അധികമാരോടും അജുൽ മിണ്ടാതെയായി.
വീട്ടിൽത്തന്നെ ഇരിപ്പായി. അമ്മ അമ്പിളി മകന്റെ അടുത്തുനിന്നു മാറാതെ നിന്നു. അവനു കൂട്ടാകാൻ അമ്മയുടെ സഹോദരിയുടെ മകൻ അതുലിനെ വീട്ടിൽ കൊണ്ടു വന്ന് താമസിപ്പിക്കുകയും ചെയ്തു. പ്രധാന അധ്യാപകൻ എ.ആർ. പ്രവീൺകുമാർ അടക്കം സ്‌കൂളിലെ അധ്യാപകർ അജുലിനെ കാണാനെത്തുകയും ചെയ്തു. മോഡൽ പരീക്ഷയ്ക്ക് അജുലിന് ഇംഗ്ലിഷിനു 37 മാർക്ക് ഉണ്ടായിരുന്നു. തോൽക്കില്ല എന്ന് അജുലും ആത്മവിശ്വാസം പ്രകടിപ്പിച്ചതോടെ പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകാൻ സ്‌കൂൾ തീരുമാനിച്ചു.
ഒപ്പം സേ പരീക്ഷയ്ക്കു തയാറെടുപ്പിച്ചു. ഇതിനിടെയാണ് പുനർമൂല്യനിർണയത്തിന്റെ ഫലം വന്നത്. അജുലും സ്‌കൂളും വിജയിച്ചു. ഇതോടെ 100 ശതമാനം വിജയമാണ് അജുൽ സ്‌കൂളിന് സമ്മാനിച്ച് പടിയിറങ്ങിയത്. ഇതോടെ അധ്യാപകർ കേക്ക് മുറിച്ചാണ് അജുലിനെ സ്വീകരിച്ചത്. അധ്യാപകർ കേക്ക് മുറിച്ച് നൽകിയും കെട്ടിപ്പിടിച്ചും സന്തോഷിച്ചപ്പോൾ അജുലിന്റെ കണ്ണുകളും ഈറനണിഞ്ഞു.