ന്യൂഡൽഹി: ശ്വാസകോശത്തെ വരെ അർബുദം കീഴ്‌പ്പെടുത്താൻ തുടങ്ങിയ സമയത്ത് മരുന്ന് പരീക്ഷണത്തിന് തയ്യാറായ മലയാളി വീട്ടമ്മയ്ക്ക് പൂർണമായും രോഗം മാറിയത് വലിയ അത്ഭുതമായിരിക്കുകയാണ്. ശാസ്ത്രത്തിന്റെ ഈ വിജയം മലയാളികൾക്ക് കൂടി അവകാശപ്പെട്ടതാകുമ്പോൾ അർബുദ ചികിത്സയിൽ പുതിയ നേട്ടങ്ങളും വലിയ രീതിയിൽ ചർച്ചയാവുകയാണ്. കീമോ മാത്രം പ്രിതിവിധിയെന്ന് വിചാരിച്ചിരുന്ന അർബുദത്തെ മരുന്നുകൊണ്ട് ഭേദമാക്കാമെന്ന കണ്ടെത്തൽ വലിയ ആശ്വാസത്തോടെയാണ് ലോകം നോക്കി കാണുന്നത്. അർബുദ ബാധ സെക്കൻഡറി കാൻസറായി മാറിയ 51കാരിയായ കോട്ടയം സ്വദേശിനിയാണ് രോഗത്തെ തോൽപ്പിച്ച് വലിയ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.
പത്ത് മാസം കൂടിയെ ജീവിച്ചിരിക്കുവെന്ന് ഡോക്ടർമാർ വിധിയെഴുതിയ ജാസ്മിൻ ഒടുവിൽ കാൻസർ രോഗം 100 ശതമാനം ഭേദമായാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. കോട്ടയംഅഞ്ചാനിക്കലിലെ അന്നമ്മ ജോസിന്റെ മകൾ ആണ് ജാസ്മിൻ ഡേവിഡ്.
യുകെയിലെ മാഞ്ചസ്റ്ററിൽ കുടുംബത്തിനൊപ്പം കഴിയുന്ന ജാസ്മിന് മുൻപ് സ്തനാർബുദം സ്ഥിരീകരിച്ചിരുന്നു. ശ്വാസകോശത്തിലേക്കുൾപ്പെടെ പടർന്ന് സെക്കൻഡറി കാൻസറായി മാറിയതോടെ ഇനി അധികനാളില്ലെന്നായിരുന്നു ഡോക്ടർമാർ വിധിയെഴുതിയത്.
പിന്നീട്, യുകെയിലെ പൊതുജനാരോഗ്യ സംവിധാനമായ നാഷനൽ ഹെൽത്ത് സർവീസസിനു കീഴിലെ മരുന്നു പരീക്ഷണത്തിൽ (ക്ലിനിക്കൽ ട്രയൽ) പങ്കാളിയാകാൻ തയ്യാറായ ജാസ്മിൻ ഇത്രയേറെ വലിയ നേട്ടം കൈവരിക്കുമെന്ന് കരുതിയിരുന്നില്ല. കാൻസറിനെ 100 ശതമാനവും തകർത്താണ് ജാസ്മിൻ തിരിച്ചെത്തിയതെന്ന് ഡോക്ടർമാർ പറയുന്നു.
മാഞ്ചസ്റ്ററിലെ ഒരു കെയർഹോമിൽ ക്ലിനിക്കൽ ലീഡായി ജോലി ചെയ്തിരുന്ന കാലത്താണ് 2017 ൽ ജാസ്മിനു സ്തനാർബുദം സ്ഥിരീകരിച്ചത്. ഇതോടെ കീമോയും റേഡിയേഷനും കഴിഞ്ഞ് ശസ്ത്രക്രിയ നടത്തി. 2018 ൽ ജീവിതത്തിലേക്കു തിരിച്ചെത്തിയെന്നു തോന്നിയെഹ്കിലും 17 മാസങ്ങൾക്കു ശേഷം കടുത്ത ചുമയും നെഞ്ചുവേദനയും വന്നു പരിശോധിച്ചപ്പോൾ, ശ്വാസകോശത്തിലേക്കും ലസികനാളിയിലേക്കും കാൻസർ പടർന്നതായി കണ്ടെത്തുകയായിരുന്നു.
10 മാസം കൂടി ജീവിച്ചിരിക്കുമെന്നായിരുന്നു ഡോക്ടർമാരുടെ നിഗമനം. എന്നാൽ കരുത്തായി ചേർത്തുപിടിച്ചത് ഭർത്താവ് ഡേവിഡ് ലാസറും മക്കളായ റിയാനും റിയോണയുമാണ്. തോൽക്കാതെ പോരാടിയ ജാസ്മിൻ നാട്ടിലെത്തി അമ്മ അന്നമ്മയെ (95) കാണാനെത്തിയിരുന്നു.ഈ കൂടിക്കാഴ്ച അവസാനത്തേതാകുമെന്നു മനസ്സുപറഞ്ഞതായി ജാസ്മിൻ പിന്നീട് വെളിപ്പെടുത്തി. എന്നാൽ നീ മാത്രമല്ല, ഞാനും ജീവിച്ചിരിക്കുമെന്നും നമ്മളിനിയും കാണുമെന്നുമായിരുന്നു അമ്മയുടെ മറുപടി.
തിരിച്ചെത്തി മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ആശുപത്രിയിൽ ട്രയലിൽ പങ്കെടുക്കാൻ തീരുമാനിക്കുമ്പോൾ ജീവിതം തിരികെ കിട്ടുമെന്ന് ചിന്തിച്ചിരുന്നില്ലെന്നും അവസാനമായി കുറച്ചുപേരെ സഹായിക്കാൻ കഴിയുമല്ലോ എന്നത് മാത്രമായിരുന്നു ചിന്തയെന്നും ജാസ്മിൻ പറയുന്ന. എന്നാൽ, ചികിത്സയുടെ ഓരോ ഘട്ടത്തിലും കാൻസർ ബാധ കുറയുന്നുവെന്ന റിപ്പോർട്ടാണ് വന്നത്.
മാഞ്ചസ്റ്ററിലെ ഫാലോഫീൽഡിലാണ് ജാസ്മിനും കുടുംബവും താമസിക്കുന്നത്. ഡീകണ്ടാമിനേഷൻ ടെക്‌നീഷ്യനാണ് ഭർത്താവ് ഡേവിഡ്. മക്കൾ യുകെയിൽ തന്നെ വിദ്യാർത്ഥികളാണ്.