പാലക്കാട്: പാലക്കാട് യാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവ ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാപിഴവിലേക്ക് വിരൽ ചൂണ്ടി പോലീസിന്റെ റിപ്പോർട്ട്. അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ യാക്കര തങ്കം ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഗൈനക്കോളജിസ്റ്റുകളായ ഡോ. പ്രിയദർശിനി, ഡോ. അജിത്ത് എന്നിവരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ചിറ്റൂർ തത്തമംഗലം സ്വദേശിനി ഐശ്വര്യയും നവജാത ശിശുവുമാണ് മരിച്ചത്. ചികിത്സപ്പിഴവുൾപ്പെടെയുള്ള ഗുരുതര വീഴ്ചകളാണു മരണകാരണമെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു. ചികിത്സാപ്പിഴവെന്ന ബന്ധുക്കളുടെ പരാതിയിൽ കുഞ്ഞിന്റെയും അമ്മയുടേയും പോസ്റ്റ്മോർട്ടവും നടത്തിയിരുന്നു. സംഭവം വിവാദമായതോടെ ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി.
കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടത്തിയ പാലക്കാട് ജില്ലാ ആശുപത്രി, ഐശ്വര്യയുടെ പോസ്റ്റുമോർട്ടം നടന്ന തൃശൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് പോലീസ് ഡോക്ടർമാരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ബന്ധുക്കളുടെയും ആശുപത്രി ജീവനക്കാരുടെയും മൊഴിയെടുക്കുന്നുണ്ട്.
ആരോഗ്യ മന്ത്രിയുടെ നിർദേശപ്രകാരം ഡിഎംഒയും ചികിൽസാ രേഖകൾ പരിശോധിച്ചുള്ള അന്വേഷണം തുടങ്ങി. പോസ്റ്റ്മോർട്ടം റിപ്പോർട്ടും അനുബന്ധ പരിശോധനാ ഫലങ്ങളും ലഭിക്കുന്നതോടെ ചികിത്സപ്പിഴവുണ്ടോ എന്നതുൾപ്പെടെ ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പരിശോധിക്കും.
ALSO READ- ‘ഓർമ നഷ്ടമാവുന്നതാണ് തന്റെ ഏറ്റവും വലിയ ഭയം’; ആരാധകരോട് തുറന്ന് പറഞ്ഞ് തമന്ന
ഐശ്വര്യയുടെയും കുഞ്ഞിന്റെയും ചികിത്സാ സംബന്ധമായ രേഖകളും കസ്റ്റഡിയിലെടുത്തു തുടങ്ങി. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരുടെയും വിശദമായ മൊഴിയെടുത്തു.
ഡിവൈഎസ്പി പിസി ഹരിദാസ്, ടൗൺ സൗത്ത് ഇൻസ്പെക്ടർ ഷിജു ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് രേഖാമൂലം ലഭിക്കുന്നതോടെ പോലീസ് തുടർ നടപടികൾ വേഗത്തിലാക്കും.
പ്രസവത്തിനിടെ നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. പാലക്കാട് ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.
Discussion about this post