കൊട്ടാരക്കര: അപകടത്തിന്റെ ലൈവ് കാണുമ്പോഴും പിതാവ് കൃഷ്ണൻകുട്ടി അറിഞ്ഞില്ല, റോഡിൽ പൊലിഞ്ഞത് തന്റെ പ്രിയപ്പെട്ട മകനും കുടുംബവും ആയിരുന്നുവെന്ന്. ഇപ്പോൾ അപകടത്തിൽ ബാക്കിയായ മൂന്നുവയസുകാരിയായ ശ്രീക്കുട്ടിക്ക് വേണ്ടി കണ്ണീരോടെ പ്രാർത്ഥിക്കുകയാണ് കുടുംബവും പള്ളിക്കൽ ഗ്രാമവും.
കഴിഞ്ഞദിവസമാണ് കുളക്കടയിൽ എം.സി.റോഡിലുണ്ടായ അപകടത്തിൽ പള്ളിക്കൽ ബിനീഷ് ഭവനിൽ ബിനീഷും ഭാര്യ അഞ്ജുവുമാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഇവരുടെ മകൾ ശ്രേയ എന്ന ശ്രീക്കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എറണാകുളത്തുള്ള സഹോദരി പാർവതിയുടെ രണ്ടാമത്തെ കുഞ്ഞിനെ കാണാൻ ഞായറാഴ്ചയാണ് ബിനീഷും കുടുംബവും യാത്ര തിരിച്ചത്. പുനലൂരിലെ അഞ്ജുവിന്റെ വീട്ടിലായിരുന്ന ശ്രീക്കുട്ടിയെ അവിടെയെത്തി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
പാർവതിയുടെ പ്രസവസംബന്ധ ശുശ്രൂഷകൾക്കായി ബിനീഷിന്റെ അമ്മ ഉഷ എറണാകുളത്തായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ആറേകാലോടെയാണ് ഇവർ തിരിച്ചത്. രാത്രി പതിനൊന്നരയ്ക്ക് അച്ഛൻ കൃഷ്ണൻകുട്ടി ഫോൺ ചെയ്യുമ്പോൾ ബിനീഷ് അടൂർ കഴിഞ്ഞിരുന്നു.
പന്ത്രണ്ടോടെ ഓൺലൈൻ ചാനലിൽ കുളക്കടയിൽ നടന്ന അപകടത്തിന്റെ ലൈവ് സംപ്രേഷണം കാണുകയായിരുന്നു കൃഷ്ണൻകുട്ടി. എന്നാൽ മരണം തങ്ങളുടെ വീട്ടിലേയ്ക്ക് അറിഞ്ഞത് പോലീസിന്റെ വിളി എത്തിയപ്പോഴായിരുന്നു. ബിനീഷ് ഓട്ടോമൊബൈൽ എൻജിനീയറായി തിരുനെൽവേലിയിൽ ജോലിക്കുകയറിയിട്ട് ഒരാഴ്ച കഴിയുന്നതേയുള്ളൂ. ചൊവ്വാഴ്ച പുലർച്ചെ ജോലിസ്ഥലത്തേക്ക് പോകേണ്ടതുമായിരുന്നു.
Discussion about this post