മാവൂര്‍: പ്രണയത്തിന് മതവും ജാതിയും ഭാഷയോ ദേശമോ ഒന്നും അതിര്‍ വരമ്പാകില്ല, അത് വെറും വാക്കല്ലെന്ന് വീണ്ടും ഊട്ടി ഉറപ്പിക്കുകയാണ് സച്ചിനും ഭാര്യ ഷിന്‍ നേയ്‌ളിനും. ചാത്തമംഗലത്തുകാരനായ സച്ചിന്റെ നല്ലപാതിയായിരിക്കുകയാണ് മ്യാന്മാര്‍ സ്വദേശിനിയായ ഷിന്‍ നേയ്‌ളിന്‍.
ചാത്തമംഗലം ഗ്രാമപ്പഞ്ചായത്തിലെ വേങ്ങേരി മഠം തെക്കുമ്പലം ഗോകുലത്തില്‍ റിട്ട. ജില്ലാ ലോട്ടറി ഓഫീസര്‍ പിസി മുരളീധരന്റെയും ലോട്ടറി വകുപ്പില്‍ നിന്ന് സൂപ്രണ്ടായി വിരമിച്ച ജ്യോതിയുടെയും മൂത്തമകനാണ് സച്ചിന്‍ മുരളി.
മ്യാന്‍മാര്‍ യങ്കൂണ്‍ നോര്‍ത്ത് ഡഗോണ്‍ ടൗണ്‍ഷിപ്പിലെ നേയ്‌ളിന്റെയും ഡോ. ന്യോ ന്യോ വിന്നിന്റെയും മകള്‍ ഷിന്‍ നേയ്‌ളിനാണ് വധു. ബുധനാഴ്ച രാവിലെ 10-നും 11-നുമിടയിലുള്ള മുഹൂര്‍ത്തത്തില്‍ എരഞ്ഞിപ്പാലം ആശിര്‍വാദ് ലോണ്‍സിലാണ് ഇവരുടെ വിവാഹം. കേരളീയ ആചാരപ്രകാരമാണ് വിവാഹം.
അയര്‍ലന്‍ഡിലെ കോര്‍ക് യൂണിവേഴ്സിറ്റി കോളേജില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ എം.എസ്. മാസ്റ്റേഴ്സ് കോഴ്സില്‍ പഠിക്കുമ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്. സഹപാഠികളുമായിരുന്നു. തുടര്‍ന്ന്, അയര്‍ലന്‍ഡിലെ അത് ലോണില്‍ എറിക്സന്‍ ടെലികോം സോഫ്റ്റ്വേര്‍ സ്ഥാപനത്തില്‍ ഡെവലപ്പേഴ്സായി ജോലി ചെയ്യുമ്പോഴാണ് കൂടുതല്‍ അടുക്കുന്നതും പ്രണയത്തിലായതും.
2017 സെപ്റ്റംബറിലാണ് സച്ചിന്‍ മുരളി ഇവിടെ ചേരുന്നത്. 2018 ജനുവരിയില്‍ ഷിന്‍ നേയ്‌ളിനും ജോലിക്ക് കയറി. തുടര്‍ന്ന് സച്ചിന്‍ മുരളി ഡബ്ലിനിലെ ആമസോണ്‍ വെബ് സര്‍വീസിലേക്ക് മാറി. നിലവില്‍ അയര്‍ലന്‍ഡിലെ ടുലമോറിലാണ് ഇരുവരും താമസിക്കുന്നത്.
ചടങ്ങില്‍ പങ്കെടുക്കാനായി ബന്ധുക്കള്‍ തിങ്കളാഴ്ച രാത്രി കോഴിക്കോട്ടെത്തി. ജൂലായ് 26-ന് മ്യാന്‍മാറിലും അവിടത്തെ ആചാരപ്രകാരവും ചടങ്ങുകള്‍ നടക്കുന്നുണ്ട്. ഇതിനായി ഇരുവരും ജൂലായ് 24-ന് മ്യാന്‍മാറിലേക്ക് പോകും.