ഗുരുവായൂർ: ഗുരുവായൂരപ്പന്റെ അനുഗ്രഹം ലഭിച്ച ഥാർ സ്വന്തമാക്കണമെന്ന പ്രവാസി വ്യവസായി വിജയകുമാറിന്റേയും മാതാപിതാക്കളുടേയും ആഗ്രഹം നിറവേറി. ദുബായിൽ ബിസിനസുകാരനായ കമല നഗർ ‘ഗീതാഞ്ജലി’യിൽ വിഘ്‌നേഷ് വിജയകുമാറാണ് വാഹനം സ്വന്തമാക്കിയത്. ഗുരുവായൂർ ദേവസ്വം പുനർലേലം ചെയ്ത മഹീന്ദ്ര ഥാർ വാഹനം ഒടുവിൽ നിയോഗം പോലെ കറങ്ങിത്തിരിഞ്ഞ് അങ്ങാടിപ്പുറം ‘ഗീതാഞ്ജലി’യിലെത്തുകയായിരുന്നു.
43 ലക്ഷം രൂപക്കാണ് മലപ്പുറം അങ്ങാടിപ്പുറം കുന്നത്ത് വീട്ടിൽ വിഘ്‌നേഷ് വാഹനം സ്വന്തമാക്കിയത്. ജൂൺ ആറിനായിരുന്നു പുനർലേലം. തുടർന്ന് തിങ്കളാഴ്ച രാവിലെ ദേവസ്വം വാഹനം കൈമാറി. വിഘ്‌നേഷിന്റെ പിതാവ് വിജയകുമാറും മാതാവ് ഗീതയും ദേവസ്വം ഓഫിസിലെത്തി വാഹനം സ്വീകരിച്ചു. രാവിലെ ഏഴുമണിയോടെ ഗുരുവായൂരിലെത്തിയ വിഘ്‌നേഷിന്റെ അച്ഛൻ കുന്നത്ത് വിജയകുമാറും അമ്മ വള്ളിക്കാട്ട് ഗീതയും ദർശനത്തിനുശേഷമാണ് വാഹനം കൈമാറൽ ചടങ്ങുകൾക്കായി ദേവസ്വം ഓഫീസിൽ എത്തിയത്.
കിഴക്കേനടയിൽ സത്രം ഗേറ്റിലെത്തിച്ച് പൂജ നടത്തിയശേഷം വാഹനം നാട്ടിലേക്ക് കൊണ്ടുപോയി.
ദേവസ്വം ഓഫീസിനു മുന്നിൽ നടന്ന ഥാർ കൈമാറ്റ ചടങ്ങിൽ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെപി വിനയൻ, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ എകെ രാധാകൃഷ്ണൻ ദേവസ്വം ജീവനക്കാർ എന്നിവർ പങ്കെടുത്തു. ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ വാഹനം പൂജിച്ചതിനുശേഷം ഡ്രൈവർ രാമകൃഷ്ണനാണ് ഥാർ വീട്ടിലെത്തിക്കുകയും ചെയ്തു.
‘wealth -i ,എയർ പെ -വ്യാപാർ ഇന്ത്യയിലും ദുബായിലും ആയി അതിവേഗത്തിൽ വളരുന്ന നിരവധി ബിസിനസ്സ് ശൃംഖലയുടെ നായകൻ കൂടിയായ വിഘ്‌നേഷ് വിജയകുമാർ , ഥാർ നേരിട്ട് കാണാനായി ദുബായിൽ നിന്നും ഉടൻ നാട്ടിലെത്തും. ജൂലൈ 17-18 തീയതികളിലായി നടക്കുന്ന ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് അലുംനി മീറ്റ് ‘ഹൃദയത്തിൽ ശ്രീകൃഷ്ണ ‘ പരിപാടിയിൽ പങ്കെടുക്കാൻ കൂടിയാണ് വിഘ്‌നേഷിന്റെ നാട്ടിലേക്കുള്ള യാത്ര. 17 ന് നടക്കുന്ന ഉത്‌ഘാടന ചടങ്ങിൽ അതിഥി കൂടിയാണ് വിഘ്നേഷ് വിജയകുമാർ.
ഗുരുവായൂരപ്പന്റെ തന്നെ കോളേജായ ശ്രീകൃഷ്ണയിൽ നടക്കുന്ന ഗ്രാൻഡ് റീയൂണിയൻ പ്രോഗ്രാമിന്റെ വിജയകരമായ സംഘാടനത്തിന് വേണ്ടി അഞ്ചു ലക്ഷം രൂപ സംഭാവന നൽകി മുഖ്യസ്‌പോൺസറാവാൻ സന്നദ്ധനായ ഇദ്ദേഹം അത് കൂടാതെ കോളേജിൽ ഒരുക്കുന്ന ‘വൃന്ദാവൻ’ പാർക്ക് നിർമ്മാണത്തിലേക്ക് 2 ലക്ഷം രൂപയുടെ ചെക്കും ചടങ്ങിൽ കൈമാറും .
Discussion about this post