ഒരാഴ്ചയില്‍ രണ്ട് തവണ ലോട്ടറിയടിച്ചു: വീണ്ടും ഭാഗ്യം പരീക്ഷിക്കാന്‍ 50 രൂപ കടം വാങ്ങി ലോട്ടറിയെടുത്തു; ഒരു കോടി നല്‍കി ഭാഗ്യദേവതയുടെ കടാക്ഷം

കോഴിക്കോട്: കടം വാങ്ങിയ 50 രൂപയ്ക്ക് ലോട്ടറി എടുത്തു, കെട്ടിട നിര്‍മാണ തൊഴിലാളിയെ തേടി ഭാഗ്യദേവതയുടെ അനുഗ്രഹമെത്തി. കോഴിക്കോട് വെള്ളികുളങ്ങരയിലെ കെട്ടിട നിര്‍മാണ തൊഴിലാളിയായ ദിവാകരനാണ് കടം വാങ്ങിയ പൈസയിലൂടെ ഒരു കോടി രൂപ നല്‍കി ഭാഗ്യദേവത കടാക്ഷിച്ചത്.

കെട്ടിട നിര്‍മാണ തൊഴിലാളിയായ ദിവാകരന്‍ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്‍ തോട്ടക്കണ്ടി താഴക്കുനി ചന്ദ്രന്റെ കൈയില്‍ നിന്ന് 50 രൂപ കടം വാങ്ങിയാണ് ലോട്ടറിയെടുത്തത്.

ആദ്യമായല്ല ദിവാകരനെ തേടി ഭാഗ്യം എത്തുന്നത്. രണ്ടാഴ്ച മുന്‍പ് വടകരയില്‍ നിന്ന് എടുത്ത രണ്ട് ടിക്കറ്റിന് ദിവാകരന് അയ്യായിരം രൂപ വീതം സമ്മാനം ലഭിച്ചിരുന്നു. അതില്‍ 1000 രൂപയ്ക്ക് ടിക്കറ്റ് എടുത്തു. അതില്‍ വീണ്ടും ആയിരം രൂപ സമ്മാനം വീണ്ടും ലഭിച്ചു.

ഇതോടെ ഭാഗ്യം ഒപ്പമുണ്ടെന്ന സുഹൃത്തുക്കള്‍ കളിയാക്കാനും തുടങ്ങി, അങ്ങനെ പരീക്ഷിക്കാനാണ് വീണ്ടും ലോട്ടറിയെടുത്തത്. ഞായറാഴ്ച നറുക്കെടുപ്പ് നടന്ന ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റാണ് ദിവാകരന്‍ എടുത്തത്. അതിലും അടിച്ചതോടെ ഭാഗ്യം തനിക്കൊപ്പം തന്നെയെന്ന് ദിവാകരനും ഉറപ്പിച്ചു. സമ്മാനത്തുക കൊണ്ട് കടം വീട്ടണമെന്നാണ് ആഗ്രഹമെന്ന് ദിവാകരന്‍ പറയുന്നു.

Exit mobile version