യുവാക്കൾ ഫോണിൽ വിളിച്ച് നിരന്തരം ശല്യം ചെയ്തു; പത്താംക്ലാസ് പരീക്ഷയുടെ തലേന്ന് ഷുഹൈല ജീവനൊടുക്കിയ കേസിൽ അന്വേഷണം ഇഴയുന്നു; രോഷത്തിൽ നാട്ടുകാർ

കാസർകോട്: പത്താംക്ലാസ് വിദ്യാർത്ഥിനിയായിരുന്ന ബോവിക്കാനത്തെ ഷുഹൈലയുടെ ദുരൂഹ മരണത്തിൽ പോലീസ് അന്വേഷണം ഇഴയുന്നതായി നാട്ടുകാരുടെ പരാതി. പ്രതികളെ ഇനിയും കണ്ടെത്താനോ ചോദ്യം ചെയ്യാനോ പോലീസിനിയാട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ഷുഹൈലയെ ഫോണിൽ നിരന്തരം ശല്യം ചെയ്ത യുവാക്കളെ കുറിച്ചുള്ള വിവരങ്ങൾ പോലീസിനു കൈമാറിയിട്ടും യാതൊരു നടപടി ഉണ്ടായിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ട് രാപകൽ സമരത്തിന് ഒരുങ്ങുകയാണ് ആക്ഷൻ കമ്മിറ്റി.

ഷുഹൈലയെ ചില യുവാക്കൾ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതിനു തെളിവായുള്ള ശബ്ദ സന്ദേശങ്ങൾ കുടുംബം പൊലീസിനു കൈമാറിയിരുന്നു. ഷുഹൈലയുടെ സുഹൃത്തുക്കൾ അതേക്കുറിച്ച് രഹസ്യമൊഴിയും നൽകിയിട്ടുണ്ട്.

എസ്എസ്എൽസി പരീക്ഷയുടെ തലേദിവസം മാർച്ച് 30നാണ് വീട്ടിലെ കിടപ്പുമുറിയിൽ ഷുഹൈലയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിത്. മരണത്തിൽ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി കുടുംബം ആദൂർ പോലീസിൽ തൊട്ടടുത്ത ദിവസം തന്നെ പരാതി നൽകുകയും ചെയ്തു. എന്നാൽ നാളിതുവരെ കേസിൽ യാതൊരു പുരോഗതിയുമുണ്ടായില്ലെന്നു കുടുംബം ആരോപിക്കുന്നു.

ഷുഹൈല മരിച്ച് മൂന്നു മാസം കഴിഞ്ഞിട്ടും കേസ് അന്വേഷണത്തിലെ മെല്ലെപോക്കു കണ്ടാണ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്. വരുന്ന 13, 14 തീയതികളിൽ രാപകൽ സമരം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ആക്ഷൻ കമ്മിറ്റി. പ്രതിഷേധ സൂചകമായി ബോവിക്കാനം ടൗണിലേക്ക് ആക്ഷൻ കമ്മിറ്റി മാർച്ച് നടത്തി. ആദൂർ പൊലീസിന്റെ മെല്ലെപോക്ക് ചൂണ്ടിക്കാട്ടി കുടുംബം ഡിവൈഎസ്പിക്കും പരാതി നൽകിയിട്ടുണ്ട്.

Exit mobile version