കാക്കനാട്: കാഞ്ചിയിൽ വിരലിട്ട് നിറതോക്കു ചൂണ്ടി കളക്ടറേറ്റിൽ എത്തിയ 84കാരൻ ആണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. നോക്കിക്കോ… ഇത് നല്ല കണ്ടീഷനിലുള്ള തോക്കാണ്… ലൈസൻസ് തരണം… എന്ന് പറഞ്ഞുകൊണ്ടാണ് മൂവാറ്റുപുഴ മുടവൂർ സ്വദേശിയായ വയോധികൻ കളക്ടറേറ്റിലെത്തിയത്. എട്ട് ഉണ്ടകളാണ് തോക്കിൽ നിറച്ചിരുന്നത്.
തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ എറണാകുളം കളക്ടറേറ്റിലെ തപാൽ വിഭാഗത്തിലാണ് നാടകീയ സംഭവ വികാസങ്ങൾ അരങ്ങേറിയത്. ഇദ്ദേഹത്തിന് സ്വയരക്ഷാർഥം റിവോൾവർ ഉപയോഗിക്കാൻ 2007 മുതൽ കളക്ടർ ലൈസൻസ് നൽകിയിരുന്നു. പുതുക്കാനുള്ള അപേക്ഷയ്‌ക്കൊപ്പം പഴയ ലൈസൻസ് ഇദ്ദേഹം മേയ് 10-ന് കളക്ടറേറ്റിൽ നൽകിയിരുന്നു. അത് ചോദിച്ചാണ് നിറതോക്കുമായി ആൾ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
പുതുക്കാനുള്ള റിപ്പോർട്ടിനായി ലൈസൻസ് അയച്ചിരിക്കുകയാണെന്നു പറഞ്ഞെങ്കിലും, ഇയാൾ കൂട്ടാക്കിയില്ല. ഉണ്ടയുള്ള തോക്ക് കാഞ്ചിയിലിട്ട് കറക്കുന്നത് കണ്ടതോടെ ജീവനക്കാരും അമ്പരപ്പിലായത്. നിറതോക്ക് ചൂണ്ടി രൂക്ഷമായി ഇടപെടുന്ന ആളെ കണ്ടപ്പോൾ തപാൽ സെക്ഷനിലെ ടൈപ്പിസ്റ്റുമാരായ ഷിനുവും റീനയും ഭയന്നു. സംഭവമറിഞ്ഞെത്തിയ മറ്റ് ജീവനക്കാർ തോക്ക് തന്ത്രപൂർവം വാങ്ങിയെടുക്കുകയായിരുന്നു.
ഇദ്ദേഹത്തെ അനുനയിപ്പിച്ച് വാങ്ങിയെടുത്ത തോക്ക് എ.ഡി.എമ്മിനു മുന്നിൽ ഹാജരാക്കി. തൃക്കാക്കര പോലീസെത്തി തോക്കും ഉണ്ടകളും കസ്റ്റഡിയിലെടുത്തു. പന്നീട് ബന്ധുക്കളെ വിളിച്ചു വരുത്തി ഇദ്ദേഹത്തെ പറഞ്ഞുവിടുകയും ചെയ്തു. വയോധികനു നൽകിയ തോക്ക് ലൈസൻസ് റദ്ദാക്കുമെന്ന് എറണാകുളം അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാൻ പിന്നീട് പറഞ്ഞു.