പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ആരോപണവുമായി പന്തളം കൊട്ടാരം പ്രതിനിധി ശശിവര്‍മ. ബിജെപി ഉള്‍പ്പെടെ ഉള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം വെച്ചുള്ള നിലപാടെന്ന് ശശിവര്‍മ പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശന വിധി വന്ന സെപ്റ്റംബര്‍ 28ന് ശേഷം 4 ദിവസം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്. വിപ്ലവകരമായ മാറ്റത്തിന്റെ തുടക്കം എന്ന് പറഞ്ഞവര്‍ ആണ് എല്ലാ പാര്‍ട്ടികളും. പിന്നീട് ബിജെപി ഉള്‍പ്പെടെ നിലപാട് മാറ്റി. രാഷ്ട്രീയത്തിന്റെ അപചയം ആണ് ഇതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം 2019 ജനുവരി 22ന് നിലവിലെ വിധിയില്‍ മാറ്റം ഉണ്ടാവുമെന്ന പ്രതീക്ഷ ഇല്ലയെന്നും ഡിവിഷന്‍ ബെഞ്ച് എടുത്ത തീരുമാനം അതേ ബെഞ്ച് തന്നെ മാറ്റിയ ചരിത്രം ഇല്ലയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വനിതാ മതില്‍ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും തന്റെ കുടുംബത്തില്‍പ്പെട്ടവര്‍ വനിതാ മതിലില്‍ പങ്കെടുത്താല്‍ വിരോധം ഇല്ലെന്നും ശശിവര്‍മ്മ കൂട്ടിച്ചേര്‍ത്തു.