പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, പിന്നാലെ അമ്മയും; സ്വകാര്യ ആശുപത്രിയ്ക്ക് നേരെ പ്രതിഷേധം

പാലക്കാട്: പ്രസവത്തിനിടെ നവജാതശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു.
ചികിത്സാപ്പിഴവ് ആരോപിച്ച് ആശുപത്രിയില്‍ ബന്ധുക്കളുടെ പ്രതിഷേധം. ചിറ്റൂര്‍-തത്തമംഗലം ചെമ്പകശ്ശേരിയിലുള്ള എം രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും ആണ്‍ കുഞ്ഞുമാണ് മരിച്ചത്.

പാലക്കാട് പടിഞ്ഞാറേ യാക്കരയ്ക്ക് സമീപമുള്ള തങ്കം സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പ്രസവത്തിനിടെ കുഞ്ഞ് ഞായറാഴ്ച മരിച്ചിരുന്നു. തിങ്കളാഴ്ച ഐശ്വര്യയും മരിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി തടിച്ചുകൂടി.

ചികിത്സാ പിഴവുണ്ടായെന്നും, ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ചികിത്സാ പിഴവെന്ന പരാതിയില്‍ ആശുപത്രിക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

ജൂണ്‍ 29നായിരുന്നു ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐശ്വര്യയെ ഒമ്പതുമാസം ചികിത്സിച്ച ഡോക്ടറല്ല പ്രസവ സമയത്ത് ഉണ്ടായിരുന്നതെന്നും, യുവതിയുടെ ആരോഗ്യ നില പരിഗണിച്ച് സിസേറിയന്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും, സമ്മതമില്ലാതെ ഗര്‍ഭപാത്രം നീക്കം ചെയ്തുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.

സംഭവത്തില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കും, പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. കേസെടുത്തതായി പാലക്കാട് സൗത്ത് പോലീസ് അറിയിച്ചു. അതേസമയം തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. സാധ്യമായ ചികിത്സകള്‍ എല്ലാം നല്‍കിയെന്നും അമിത രക്തസ്രാവമാണ് യുവതിയുടെ മരണകാരണമെന്നുമാണ് ആശുപത്രിയധികൃതരുടെ പ്രതികരണം.

Exit mobile version