യുവനടിയെ ബലാൽസംഗം ചെയ്തുവെന്ന കേസിൽ ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനു പിന്നാലെ ആദ്യമായി പ്രതികരിച്ച് നടനും നിർമ്മാതാവുമായ വിജയ് ബാബു. ഫേസ്ബുക്കിലൂടെയാണ് നടൻ പ്രതികരിച്ചത്.
ചോദ്യം ചെയ്യൽ അവസാനിച്ചെന്നും പൂർണമായും സത്യസന്ധമായും സഹകരിച്ചുവെന്നും താരം വ്യക്തമാക്കുന്നു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് ആയതിനാൽ മാധ്യമങ്ങളോട് കൂടുതലൊന്നും വെളിപ്പെടുത്താൻ കഴിയില്ലെന്നും തന്നോട് ക്ഷമിക്കണമെന്നും വിജയ് ബാബു പറയുന്നു.
ചരിത്രം തിരുത്തി ദില്‍ഷ: ആദ്യ ലേഡി ബിഗ് ബോസിന് അഭിനന്ദനപ്രവാഹം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
”ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയും ചോദ്യം ചെയ്യലും ഇന്ന് അവസാനിച്ചു. കസ്റ്റഡി കാലാവധിയിൽ ബഹുമാനപ്പെട്ട ഉദ്യോഗസ്ഥരുമായി പൂർണമായും സത്യസന്ധമായും സഹകരിച്ചിട്ടുണ്ട്. എഡിറ്റ് ചെയ്യാത്ത തെളിവുകളും വസ്തുതകളും കൈമാറിയിട്ടുണ്ട്. ഇക്കഴിഞ്ഞ 70 ദിവസവും മനസ്സ് അസ്വസ്ഥമായിരുന്ന എന്നോടൊപ്പം താങ്ങായി നിന്ന് ഈ നിമിഷം വരെ എന്നെ ‘ജീവനോടെയിരിക്കാൻ’ പ്രേരിപ്പിച്ച ദൈവത്തിന് നന്ദി.
സ്നേഹവും ആശ്വാസവചനങ്ങളും കൊണ്ട് എന്നെ ശ്വാസം മുട്ടിച്ച എന്റെ കുടുംബത്തിനും പ്രിയ സുഹൃത്തുക്കൾക്കും നന്ദി. ഞാനിന്ന് ജീവിച്ചിരിക്കാൻ കാരണം നിങ്ങൾ ഓരോരുത്തരുമാണ്. അന്തിമ വിജയം സത്യത്തിനു മാത്രമായിരിക്കും.
പ്രിയപ്പെട്ട മാധ്യമങ്ങളേ, ഈ കേസിനെക്കുറിച്ച് എന്റെ കുടുംബത്തോടും അഭിഭാഷകരോടും അന്വേഷണ ഉദ്യോഗസ്ഥന്മാരോടും ബഹുമാനപ്പെട്ട കോടതിയോടും മാത്രമേ ഇപ്പോൾ എനിക്ക് സംസാരിക്കാൻ കഴിയൂ എന്നുള്ളതുകൊണ്ടാണ് നിങ്ങൾക്ക് തരാൻ മറുപടി ഉണ്ടായിട്ടും എനിക്ക് പ്രതികരിക്കാൻ കഴിയാത്തത്. നിങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു.
അതുവരെ ഞാനെടുക്കുന്ന സിനിമകൾ എനിക്കുവേണ്ടി സംസാരിക്കും. തൽക്കാലം സിനിമകളെക്കുറിച്ച് മാത്രമേ ഞാൻ സംവദിക്കുകയുള്ളൂ. ‘മനം തകർന്ന മനുഷ്യനെക്കാൾ ശക്തമായി മറ്റൊന്നുമില്ല ഞാൻ എന്നെത്തന്നെ നവീകരിക്കുകയാണ്’ . ദൈവം അനുഗ്രഹിക്കട്ടെ.”