കോഴിക്കോട്: ലോക്‌സഭയിലെ മുത്തലാഖ് വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നതില്‍ വിശദീകരണവുമായി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. വിവാഹത്തില്‍ പങ്കെടുത്തത് കൊണ്ടല്ല ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത്. പാര്‍ട്ടി മുഖപത്രമായ ചന്ദ്രിക ദിനപത്രത്തിന്റെ ഗവേണിംഗ് ബോഡി യോഗമുള്ളതിനാലായിരുന്നു പങ്കെടുക്കാതിരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുത്തലാഖ് ബില്ലിനെ എതിര്‍ത്തയാളാണ് താന്‍. വിഷയത്തില്‍ വോട്ടെടുപ്പ് ഉണ്ടാകുമെന്നറിഞ്ഞില്ല. ഉണ്ടാകുമെന്നറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും സഭയിലെത്തുമായിരുന്നു. ചിലതല്‍പര കുപ്രചരം നടത്തുന്നതു പോലെ വിവാഹത്തില്‍ പങ്കെടുത്തത് കൊണ്ടല്ല ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത്. പാര്‍ട്ടി മുഖപത്രത്തിന്റെ ഗവേണിംഗ് ബോഡി യോഗമുള്ളതിനാലാണ് പങ്കെടുക്കാത്തത്. ഒരേസമയം പാര്‍ട്ടിയുടെ സംസ്ഥാന, ദേശിയ ചുമതലകള്‍ വഹിക്കുന്നതിനാല്‍ ടൈംമാനേജ് ചെയ്യാന്‍ ബുദ്ധിമുട്ടുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇപ്പോള്‍ വിമര്‍ശനമുന്നയിക്കുന്ന ഇടതുപക്ഷത്തിന്റെ മുഴുവന്‍ എംപിമാരും വോട്ടെടുപ്പില്‍ പങ്കെടുത്തില്ലെന്നും, അതൊന്നും വലിയ പോരായ്മയായി കാണുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
Discussion about this post