മലപ്പുറം: സ്വപ്ന സുരേഷിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ മലപ്പുറം സ്വദേശി പിടിയില്‍. അങ്ങാടിപ്പുറം സ്വദേശി നൗഫലിനെയാണ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പിന്നീട് മങ്കട പോലീസിന് കൈമാറി.
നൗഫല്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണ്. കസ്റ്റഡിയിലെടുത്ത നൗഫല്‍ പരസ്പര വിരുദ്ധമായി സംസാരിക്കുന്നതായും പോലീസ് പറഞ്ഞു. നേരത്തേയും ആളുകളെ വിളിച്ചതിന് പരാതി ലഭിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനിലേക്കും ഇയാള്‍ ഇത്തരത്തില്‍ വിളിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. ആരെങ്കിലും ആവശ്യപ്പെട്ടത് പ്രകാരമാണോ നൗഫല്‍ സ്വപ്ന സുരേഷിനെ വിളിച്ചത് എന്നറിയാന്‍ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യുകയാണ്.
ഫോണില്‍ വിളിച്ച് ഭീഷണിയുയര്‍ത്തിയ ആള്‍ക്കെതിരേ സ്വപ്ന സുരേഷ് ശനിയാഴ്ച രാത്രി ഡിജിപിക്ക് പരാതി കൈമാറിയിരുന്നു. കോള്‍ റെക്കോര്‍ഡ് ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്.
തന്റെ ജീവന് ഭീഷണിയുണ്ടെന്ന ആരോപണവുമായി സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് രംഗത്തെത്തിയിരുന്നു. ഫോണിലൂടെ നിരന്തരം ഭീഷണി സന്ദേശം ലഭിക്കുകയാണെന്ന് സ്വപ്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഞാനും മകനും അമ്മയും ഏത് നിമിഷവും കൊല്ലപ്പെടാം. എത്ര നാള് ജീവനോടെയുണ്ടാകുമെന്ന് അറിയില്ല. ഭീഷണി സന്ദേശങ്ങള്‍ സഹിതം ഡിജിപി അനില്‍ കാന്തിന് പരാതി നല്‍കിയെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.
Discussion about this post