കൊച്ചി: ഇല്ലാതാക്കാന്‍ നോക്കിയ വിധിയ്ക്ക് മുന്നില്‍ പതറാതെ നിന്ന് പൊരുതി ജയിച്ചുകയറുകയാണ് ഡോ. ഷാഹിന. അഞ്ചാം വയസില്‍ ശരീരത്തില്‍ പടര്‍ന്ന തീനാളങ്ങളെ തോല്‍പ്പിച്ചുകൊണ്ട് ഇന്ന് ഡോക്ടറായി പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുകയാണ് ഷാഹിന.
അഞ്ചാം വയസില്‍ ശരീരത്തില്‍ തീ ആളികത്തിയപ്പോള്‍ ഉയരങ്ങളിലെത്തുമെന്ന് ഷാഹിന കരുതിയിരുന്നില്ല. പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളുമെല്ലാം ഷാഹിന കേള്‍ക്കാന്‍ നിന്നിരുന്നില്ല. ലക്ഷ്യത്തിലെത്താന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. ഒടുവില്‍ ഉയരെയിലെ പല്ലവിയെ പോലെ ഷാഹിന പതറാതെ പറന്നുയര്‍ന്നു.
ഇന്ന് ഷാഹിനയുടെ ജീവിതത്തിലെ വലിയ സന്തോഷം എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഷാഹിന, നിയാസിന് സ്വന്തമാകുകയാണ്. അപ്രതീക്ഷിതമായാണ് നിയാസ് ഷാഹിനയുടെ ജീവിതത്തിലേക്ക് എത്തുന്നത്. അടുത്ത സുഹൃത്തായ ഡോ. നസ്രിന് വഴിയാണ് നിയാസിനെ പരിചയപ്പെടുന്നത്. മാറഞ്ചേരി സ്വദേശിയാണ് നിയാസ്. വിവാഹാലോചനയുമായി എത്തിയപ്പോള്‍ ആദ്യം തമാശയായാണ് കണ്ടിരുന്നതെന്ന് ഷാഹിന പറയുന്നു.
ഷാഹിനയെ ആദ്യമായി കണ്ടപ്പോള്‍ തന്നെ, എങ്ങനെയുള്ള ആളിനെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് നിയാസ് ചോദിച്ചത്. എന്നെ കെയര്‍ ചെയ്യുന്ന, സ്നേഹിക്കുന്ന ഒരാളാകണം എന്നായിരുന്നു ഷാഹിനയുടെ മറുപടി.
ഇത് കേട്ടപ്പോള്‍ തന്നെ താന്‍ വിവാഹം ചെയ്യുന്നതില്‍ പ്രശ്നമുണ്ടോ എന്നാണ് നിയാസ് തിരിച്ച് ചോദിച്ചത്. എന്നാല്‍ തമാശയ്ക്കാകും നിയാസ് അങ്ങനെ ചോദിച്ചതെന്നാണ് ആദ്യം കരുതിയത്. ഒട്ടും പ്രതീക്ഷിക്കാതെ നിയാസും വീട്ടുക്കാരും വീട്ടില്‍ വന്ന് വിവാഹകാര്യം സംസാരിക്കുകയായിരുന്നു. അങ്ങനെ വളരെ പെട്ടെന്ന് വിവാഹനിശ്ചയം കഴിഞ്ഞു. ഒക്ടോബറിലാണ് വിവാഹമെന്നും ഡോ. ഷാഹിന പറഞ്ഞു.
വിവാഹത്തിന് മമ്മൂട്ടി വരണമെന്ന് ആഗ്രഹമുണ്ട്. അദ്ദേഹത്തെ നേരിട്ട് കാണാനുള്ള കാത്തിരിപ്പിലാണ്. നേരിട്ട് നന്ദി അറിയിക്കണമെന്നും ഷാഹിന പറയുന്നു. തന്നെ സ്നേഹിക്കുന്ന കെയര്‍ ചെയ്യുന്ന ഒരാളെ തന്നെയാണ് കിട്ടിയിരിക്കുന്നത്. അതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ഡോ. ഷാഹിന പറയുന്നു.
തൃപ്പുണിത്തുറ ഗവ. ഹോമിയോ ഡിസ്പെന്‍സറിയിലെ മെഡിക്കല്‍ ഓഫിസറായി തുടരുമ്പോള്‍ കഴിഞ്ഞ വര്‍ഷമാണ് സുഹൃത്തും ഫൊട്ടോഗ്രഫറുമായ വിഷ്ണു സന്തോഷിന്റെ ആവശ്യപ്രകാരം ഫോട്ടോഷൂട്ടില്‍ ഷാഹിന എത്തുന്നത്. ഈ ഫോട്ടോഷൂട്ട് കണ്ടാണ് മമ്മൂട്ടി ഷാഹിനയെക്കുറിച്ച് അന്വേഷിക്കുന്നത്.
അങ്ങനെ ‘പതഞ്ജലി ഹെര്‍ബല്‍സ്’ വഴി ഷാഹിനയുടെ ചികിത്സ മമ്മൂട്ടി ഏറ്റെടുത്തു. 8 മാസമായി പതഞ്ജലി ഡയറക്ടറും ചികിത്സകനായ ജോതിഷ്കുമാറിന്റെ നേതൃത്വത്തിലാണ് സൗജന്യ ചികിത്സ.
അഞ്ചാം വയസ്സില്‍ കറന്റ് കട്ടിന്റെ സമയത്ത് വീട്ടിലിരുന്ന് പഠിക്കുന്നതിനിടെ മണ്ണെണ്ണ വിളക്കില്‍ നിന്ന് തീപടര്‍ന്നാണ് ഷാഹിനയ്ക്കു പൊള്ളലേല്‍ക്കുന്നത്. 75 ശതമാനം പൊളളലേറ്റെങ്കിലും ജീവന് തിരിച്ചുകിട്ടി. ഒന്നര വര്‍ഷം നീണ്ട ചികിത്സയ്ക്കൊടുവില്‍ സ്കൂളില്‍ തിരിച്ചെത്തി. മിടുക്കിയായി പഠിച്ചു. പ്ലസ് ടു കഴിഞ്ഞ് മെഡിക്കല്‍ പ്രവേശനം നേടി ഹോമിയോ ഡോക്ടറായി. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു.
Discussion about this post