സന്തോഷത്തിലും സൗഹൃദത്തിലും ഒന്നിച്ചവർ മരണത്തിലും ഒന്നിച്ചു; കോളേജിലേക്ക് തിരികെയെത്തിയത് ജീവനറ്റ്; രാഹുലിനും ഡയസിനും കണ്ണീരോടെ വിടനൽകി ക്യാംപസ്

തിരുവനന്തപുരം: സന്തോഷവും വിഷമവും എല്ലാം ഒരുമിച്ച് പങ്കുവെച്ചിരുന്ന സുഹൃത്തുക്കൾ മരണത്തിലും ഒന്നിച്ചത് സിഇടി ക്യാംപസിനെ കണ്ണീരിലാഴ്ത്തി. കോളജിൽ നിന്ന് ബുധനാഴ്ച ഒരുമിച്ച് പോയ രാഹുലും ഡയസും മരണപ്പെട്ടെന്ന വാർത്തയാണ് പിന്നീട് സഹപാഠികളേയും അധ്യാപകരേയും തേടിയെത്തിയത്.

ഡയസിന്റെ ജീവനറ്റ ശരീരം ക്യാംപസിലേക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി ആംബുലൻസിൽ എത്തിച്ചപ്പോഴേക്കും അന്ത്യാഞ്ജലികളേറ്റു വാങ്ങി രാഹുലിനെ വഹിച്ചുള്ള ആംബുലൻസ് കോളജ് ക്യാംപസിൽ നിന്നു പുറപ്പെടാനൊരുങ്ങുകയായിരുന്നു. സഹപാഠികളുടെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി ഏറ്റുവാങ്ങി വൈകാതെ ഡയസും പ്രിയപ്പെട്ട ക്യാംപസിനോടു വിടപറഞ്ഞു. ട്രിവാൻഡ്രം കോളജ് ഓഫ് എൻജിനീയറിങ് (സിഇടി) ക്യാംപസിലാണ് ആരുടേയും ഹൃദയം തകർക്കുന്ന കാഴ്ചയ്ക്ക് സാക്ഷിയായത്.

ബുധനാഴ്ച വട്ടിയൂർക്കാവ് മൂന്നാമൂട് മേലേക്കടവിനു സമീപം കരമനയാറ്റിൽ വീണ് സിഇടി ആറാം സെമസ്റ്റർ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിദ്യാർഥി കെ രാഹുൽ (21), സിവിൽ എൻജിനീയറിങ് വിദ്യാർഥി ഡയസ് ജിജി ജേക്കബ് (22) എന്നിവരാണ് മുങ്ങി മരിച്ചത്. ബുധനാഴ്ച കോളജിൽ സമരമായതിനാൽ ആറു സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനായി എത്തിയതായിരുന്നു ഇരുവരും. എന്നാൽ അപ്രതീക്ഷിതമായി കാൽ വഴുതി ആറ്റിൽ വീണ് ഇരുവരും അപകടത്തിൽപ്പെടുകയായിരുന്നു.

ഇരുവരുടേയും മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയതിനു ശേഷമാണ് കോളേജ് ക്യാംപസിലേക്കെത്തിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ രാഹുലിന്റെ ഭൗതികശരീരം പൊതുദർശനത്തിനായി കോളജിന്റെ പ്രധാന കെട്ടിടത്തിനു മുന്നിലെത്തിക്കുകയായിരുന്നു.

ALSO READ- എല്ലാമരുന്നും എല്ലാവരിലും ഫലിക്കില്ല; വാക്‌സിനും സിറവും എടുത്തിട്ടും പത്തൊൻപതുകാരി മരിച്ചത് മരുന്നിന്റെ കുഴപ്പം കാരണമല്ലെന്ന് ഡോക്ടർമാർ; കൂടുതൽ അന്വേഷണം

കനത്തമഴയേയും അവഗണിച്ച് നൂറുകണക്കിനു സഹപാഠികളാണ് വരിവരിയായി എത്തി അന്ത്യാഞ്ജലിയർപ്പിച്ചത്. രണ്ടു മണിയോടെ രാഹുലിന്റെ മൃതദേഹം സ്വദേശമായ കോഴിക്കോട് ബാലുശേരിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകാൻ തുടങ്ങിയപ്പോഴേക്കും ഡയസിന്റെ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് കോളജ് ക്യാംപസിനുള്ളിലെത്തി.

രാഹുലിന്റെ സംസ്‌കാരംബാലുശേരി വട്ടോളി ഓണിപ്പറമ്പിൽ വീട്ടിൽ നടന്നു. ഡയസിന്റെ മൃതദേഹം മൂവാറ്റുപുഴ ആവോലി തോട്ടുപുറത്തു വീട്ടിൽ ശുശ്രൂഷയ്ക്കു ശേഷം ഉച്ചയ്ക്ക് രണ്ടിന് വാഴക്കുളം സെന്റ് ഫൊറോന ചർച്ച് സെമിത്തേരിയിൽ സംസ്‌കരിക്കും.

ALSO READ- എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; നടന്നത് ബോംബാക്രമണം, ബോധപൂർവമുള്ള കലാപശ്രമമെന്ന് ഇപി ജയരാജൻ, പ്രവർത്തകർ സംയമനം പാലിക്കണമെന്ന് എഎ റഹിം

കോഴിക്കോട് ബാലുശേരി എരമംഗലം അയ്യൻകുഴിയിൽ കെ ശ്രീനിവാസന്റെയും (റിട്ട.ഫീൽഡ് ഓഫിസർ, മൃഗസംരക്ഷണ വകുപ്പ്) വാസന്തിയുടെയും മകനാണ് രാഹുൽ. സഹോദരി : സൂര്യ. മൂവാറ്റുപുഴ ആനിക്കാട് സെന്റ് ആന്റണീസ് എൽപി സ്‌കൂൾ ഹെഡ്മാസ്റ്റർ ജിജി ജേക്കബിന്റെയും ലിസി ജോണിന്റെയും ഏക മകനാണ് ഡയസ് ജിജി ജേക്കബ്

Exit mobile version