മെഡിക്കൽ കോളേജ്: അയൽവീട്ടിലെ നായയുടെ കടിയേറ്റ പത്തൊമ്പതുകാരി മരിച്ച സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചു. പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാർക്കര വീട്ടിൽ സുഗുണന്റെയും സിന്ധുവിന്റെയും മകൾ പത്തൊൻപതുകാരി ശ്രീലക്ഷ്മിയാണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
പട്ടിയുടെ കടിയേറ്റ അന്നുതന്നെ് ശ്രീലക്ഷ്മി ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു. പിന്നീട് മുഴുവൻ പ്രതിരോധ വാക്സിനും സിറവും എടുത്തു. എന്നിട്ടും വ്യാഴാഴ്ച പുലർച്ചെ പേവിഷലക്ഷണങ്ങൾ കാണിക്കുകയും മരണപ്പെടുകയും ആയിരുന്നു.
ബുധനാഴ്ച രാവിലെ പതിനൊന്നോടെയാണ് പെൺകുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെറിയ ലക്ഷണങ്ങളാണ് കാണിച്ചിരുന്നത്. പിന്നീട് പൂർണമായുള്ള ലക്ഷണം കാണിച്ചു മരണപ്പെടുകയായിരുന്നു.
പെൺകുട്ടി മരിച്ചത് പേവിഷബാധ മൂലമാണെന്ന് സ്ഥിരീകരിക്കാൻ ശരീരത്തിൽനിന്നെടുത്ത സാമ്പിളുകൾ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. വാക്സിൻ പൂർത്തിയാക്കിയിട്ടും മരിച്ചത് അപൂർവസംഭവമായതിനാൽ സംശയദൂരീകരണത്തിനായാണ് പരിശോധന നടത്തുന്നത്.
മേയ് മുപ്പതിനാണ് ശ്രീലക്ഷ്മിയെ കോളേജിലേക്ക് പോകും വഴി അയൽവാസിയുടെ വീട്ടിലെ വളർത്തുനായ ഇടതുകൈവിരലുകളിൽ കടിച്ചത്. ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി വാക്സിൻ എടുത്തിരുന്നു. മുറിവുണ്ടായിരുന്നതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സിറവും കുത്തിവെച്ചു. പിന്നീട് മൂന്ന് ഡോസ് വാക്സിൻകൂടി എടുക്കുകയും ചെയ്തു.
രണ്ടെണ്ണം പാലക്കാട് ജില്ലാ ആശുപത്രിയിൽനിന്നും ഒരു ഡോസ് സ്വകാര്യ ആശുപത്രിയിൽനിന്നുമാണ് എടുത്തത്. ജൂൺ ഇരുപത്തേഴിനകം തന്നെ എല്ലാ വാക്സിനുകളും സ്വീകരിച്ചെങ്കിലും 28ാം തീയതി മുതൽ പനി തുടങ്ങുകയും ചെയ്തിരുന്നു. പിന്നീട് അസ്വസ്ഥതകൾ വർധിച്ചതോടെയാണ് ചികിത്സയ്ക്കെത്തിയത്. ശ്രീലക്ഷ്മിയെ കടിച്ച നായ അതേദിവസം ഉടമസ്ഥനായ വയോധികനേയും കടിച്ചിരുന്നു. ചികിത്സ തേടിയ അദ്ദേഹത്തിന് രോഗലക്ഷണങ്ങളില്ല.
കോയമ്പത്തൂർ നെഹ്റു കോളേജിൽ ബിസിഎ വിദ്യാർഥിനിയായിരുന്നു മരിച്ച ശ്രീലക്ഷ്മി. സഹോദരങ്ങൾ: സിദ്ധാർത്ഥ്, സനത്ത് (ഇരുവരും ബെംഗളൂരു). ഐവർമഠത്തിൽ സംസ്കാര ചടങ്ങുകൾ നടത്തി.
അതേസമയം, വാക്സിനെടുത്തിട്ടും മരണ ംസംഭവിക്കുന്നത് അപൂർവമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. എല്ലാ മരുന്നുകളും എല്ലാവരിലും ഫലിക്കണമെന്നില്ല. അതുകൊണ്ട് പ്രതിരോധ വാക്സിൻ ശ്രീലക്ഷ്മിയുടെ ശരീരത്തിൽ ഫലിച്ചിരിക്കില്ല എന്ന നിഗമനത്തിലാണ് മെഡിക്കൽ കോളേജിലെ ഫാർമക്കോളജി, ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ ഡോക്ടർമാർ.
മരുന്നിന്റെ ഗുണനിലവാരക്കുറവായിരിക്കാം മരണകാരണമെന്ന ആരോപണം ഉയർന്നെങ്കിലും ശ്രീലക്ഷ്മി കുത്തിവെപ്പെടുത്ത ദിവസം മറ്റുപലർക്കും മരുന്ന് നൽകിയതിനാൽ ഈ സാധ്യത ഡോക്ടർമാർ തള്ളുകയാണ്. സംഭവത്തിൽ ആരോഗ്യവകുപ്പിന് മെഡിക്കൽ കോളേജ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
വിഷയത്തിൽ ആഴത്തിലുള്ള പഠനവും അന്വേഷണവും നടത്തണമെന്ന് ആരോഗ്യവകുപ്പിനോട് ആവശ്യപ്പെടും. വെള്ളിയാഴ്ച ഉന്നതതലയോഗവും മെഡിക്കൽ കോളേജിൽ ചേരുമെന്ന് പ്രിൻസിപ്പൽ പ്രതാപ് സോമനാഥ് അറിയിച്ചു. മൈക്രോബയോളജി, കമ്യൂണിറ്റി മെഡിസിൻ, ജനറൽ മെഡിസിൽ, ന്യൂറോളജി വിഭാഗങ്ങളിലെ വിദഗ്ധർ യോഗത്തിൽ പങ്കെടുക്കും.
ഇതിനിടെ, ആരോഗ്യവകുപ്പ് ശ്രീലക്ഷ്മിയുടെ വീട്ടിലെത്തി പ്രതിരോധ നടപടികൾ സ്വീകരിച്ചു. രോഗിയുമായും കടിച്ച നായയുമായും ഇടപഴകിയവർക്ക് പ്രതിരോധകുത്തിവെപ്പ് നൽകും. ചികിത്സയ്ക്കിടെ ചെറിയ മുറിവേറ്റ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്.
Discussion about this post