കണ്ണൂർ: തകർത്തുപെയ്യുന്ന മഴയിലും റോഡരികിലെ ചാക്കുകെട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നായക്കുട്ടികൾക്ക് തുണയായി ഹരീഷ്. മഴയെ വകവെയ്ക്കാതെ ഹരീഷ് നായ്ക്കുട്ടികളുടെ അടുത്തേയ്ക്ക് ഓടിയെത്തി. വാരിയെടുത്ത് വീട്ടിലെത്തിച്ചു. ഒരാഴ്ച മാത്രമായിരുന്നു നായ്ക്കുട്ടികളുടെ പ്രായം. കൂട്ടത്തിൽ ഒരെണ്ണം ചത്തിരുന്നു. ഒരെണ്ണമാകട്ടെ വീണ് മുറിവേറ്റിരുന്നു.
അവശരായിരുന്ന ഏഴ് നായക്കുഞ്ഞുങ്ങളുമായി ഹരീഷ് കൊയിലോത്ത് വീട്ടിലെത്തി. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്താണ് ഹരീഷ് താമസിക്കുന്നത്. ബുധനാഴ്ച രാത്രി പത്തരയ്ക്കാണ് സുഹൃത്ത് വിളിച്ചുപറഞ്ഞത്. കണ്ണൂർ ചാലയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ചാക്കിൽ ആരോ ഉപേക്ഷിച്ചതായിരുന്നു. തണുത്ത് വിറച്ചുനിൽക്കുന്ന നായ്ക്കുഞ്ഞുങ്ങൾക്ക് പാൽ കൊടുത്തു.
ഇപ്പോൾ, റൊട്ടിയും അൽപ്പം മുട്ടയും കഴിക്കാൻ തുടങ്ങിയതായി ഹരീഷ് പറയുന്നു. മുറിവേറ്റ ഒരു കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകണമെന്നും ഹരീഷ് കൂട്ടിച്ചേർത്തു. നായക്കുഞ്ഞുങ്ങളെ ഏറ്റെടുത്തുവളർത്തുന്നവരെ വിളിച്ചപ്പോൾ ഷെൽട്ടർ ഇപ്പോഴില്ല എന്ന മറുപടിയാണ് ലഭിച്ചത്. വാട്ട്സാപ്പ് സ്റ്റാറ്റസ് കണ്ട് രണ്ടു കുഞ്ഞുങ്ങളെ ആളുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. വളർത്താൻ സ്‌നേഹമുള്ളവർക്ക് നൽകും. അല്ലാതെ തെരുവിൽ വിടില്ല -ഹരീഷ് പറഞ്ഞു.