തിരുവനന്തപുരം: സിപിഎം സംസ്ഥാന ആസ്ഥാനമായ തിരുവനന്തപുരത്തെ എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞു. വ്യാഴാഴ്ച രാത്രി 11.2ഓടെയാണ് എകെജി സെന്ററിൽ പ്രവർത്തിക്കുന്ന എകെജി ഹാളിലേക്കുള്ള ഗേറ്റിനു സമീപത്തെ കരിങ്കൽ ഭിത്തിയിലേക്ക് ഇരുചക്രവാഹനത്തിൽ എത്തിയ ആൾ സ്ഫോടകവസ്തു എറിഞ്ഞത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അതേസമയം ആക്രമണത്തെ സിപിഎം, സിപിഐ നേതാക്കൾ ഉൾപ്പടെയുള്ളവർ അപലപിച്ചു. എകെജി സെന്റർ ആക്രമണത്തിനു പിന്നാലെ തലസ്ഥാനത്തും ആലപ്പുഴ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലും പ്രതിഷേധപ്രകടനങ്ങളും നടന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിൽ പ്രകടനം നടത്തി.
ബോംബാക്രമണമാണ് ഉണ്ടായതെന്നും ബോധപൂർവമുള്ള കലാപശ്രമമാണിതെന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പ്രതികരിച്ചു. എകെജി സെന്ററിനു സമീപം വൻ പോലീസ് സന്നാഹം ഏർപ്പെടുത്തി. ബോധപൂർവമുള്ള പ്രകോപനശ്രമമാണ് ഉണ്ടായതെന്ന് എ വിജയരാഘവൻ പറഞ്ഞു.
തിരുവനന്തപുരം നഗരത്തിലെ വിവിധ റോഡുകളിൽ പോലീസ് പരിശോധന ശക്തമാക്കി. സ്ഫോടനത്തിനു തൊട്ടുപിന്നാലെ മന്ത്രി ആന്റണി രാജു, സിപിഎം പിബി അംഗം എ വിജയരാഘവൻ, പി കെ ശ്രീമതി, വി ശിവൻകുട്ടി തുടങ്ങിയവർ എകെജി സെന്ററിലെത്തി.
എകെജി. സെന്ററിലേക്ക് സ്ഫോടകവസ്തു എറിഞ്ഞത് ബോധപൂർവമായ സംഭവമാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രതികരിച്ചു. കേരളത്തിലെ കോൺഗ്രസും ബിജിപിയും ഇടതുപക്ഷ വിരുദ്ധരും തുടർഭരണത്ത അംഗീകരിക്കുന്നില്ല. തുടർഭരണം വന്നശേഷം കേരളത്തെ കലാപഭൂമിയാക്കാൻ, ക്രമസമാധാനനില തകർക്കാൻ ബോധപൂർവമായ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് കോൺഗ്രസും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നും പ്രവർത്തകർ സംയമനം പാലിക്കണമെന്നും എഎ റഹിം എംപി ആവശ്യപ്പെട്ടു.
Discussion about this post