ചിറ്റൂർ: സ്വകാര്യ ബസിനെ ഓവർ ടേക്ക് ചെയ്ത് സിഗ്നൽ നൽകാതെ വെട്ടിത്തിരിഞ്ഞ് മുന്നിലൂടെ ക്രോസ് ചെയ്ത് പോയ സ്‌കൂട്ടറിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ സമയോചിതമായ ഇടപെടലിൽ സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന രണ്ട് പേരുടെ ജീവൻ രക്ഷിച്ച ബസ് ഡ്രൈവറെ അഭിനന്ദിക്കുകയാണ് സോഷ്യൽമീഡിയ ഒന്നടങ്കം. ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ ഒന്നുകൊണ്ടു മാത്രമാണ് ആ സ്‌കൂട്ടറിൽ സഞ്ചരിച്ച രണ്ടു പേരുടെയും ജീവൻ അപകടം ഒന്നും കൂടാതെ രക്ഷിക്കാനായതെന്ന് വീഡിയോ കണ്ടവർ പറയുന്നു.
സ്‌കൂട്ടർ ഓടിച്ചയാളുടെ അശ്രദ്ധമായ ഡ്രൈവിങ് ജീവനെടുക്കും വിധം ഭയാനകമായിരുന്നു. എന്നാൽ സമയോചിതമായി ഇടപെട്ട ഡ്രൈവറുടെ മനോധൈര്യമാണ് ഇവരുടെ ജീവൻ രക്ഷിച്ചത്.
അപകടമുണ്ടാകാതെ കഷ്ടിച്ച് രക്ഷപ്പെട്ട സംഭവം ഓർക്കുമ്പോൾ തന്നെ ഡ്രൈവർ അക്ഷയിന്റെ വിറയൽ ഇനിയും മാറിയിട്ടില്ല. ഞായറാഴ്ചയായതിനാൽ റോഡിൽ അധികം വാഹനങ്ങളുണ്ടായിരുന്നില്ല. വിശാലമായി കിടന്നിരുന്ന റോഡിൽ ബസിനു മുന്നിൽ സഞ്ചരിച്ച സ്‌കൂട്ടർ പെട്ടെന്നു വെട്ടിത്തിരിഞ്ഞു വലത്തോട്ടു നീങ്ങുകയായിരുന്നു. ബസ് പെട്ടെന്ന് നിർത്താനായി ബ്രേക്കിൽ കയറി നിൽക്കുകയായിരുന്നെന്ന് ഡ്രൈവർ തൃശൂർ ചിയ്യാരം സ്വദേശി എംകെഅക്ഷയ് എന്ന 22കാരൻ പറയുന്നു.
വലിയ ഒരു അപകടമൊഴിഞ്ഞതിന്റെയും രണ്ടു ജീവൻ രക്ഷപ്പെട്ടതിന്റെയും ആശ്വാസമാണ് അക്ഷയ്ക്ക്. ബസിലുണ്ടായിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണു സംഭവത്തിന്റെ ഗൗരവം പുറംലോകമറിഞ്ഞത്. അപകടങ്ങൾ സംഭവിക്കുമ്പോൾ വലിയ വാഹനങ്ങളെ പഴിചാരുന്നവർക്കൊരു പാഠമാണ് ഈ വീഡിയോയെന്ന് ദൃശ്യങ്ങൾ കണ്ടവർ പറയുന്നു. െതറ്റു മനസ്സിലാക്കിയ സ്‌കൂട്ടർ യാത്രക്കാരൻ ഒന്നും പറയാതെ നിർത്താതെ പോയി. വയോധികനായ ഇയാൾ ഓടിച്ചിരുന്ന സ്‌കൂട്ടറിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നു.
ഞായറാഴ്ച പന്ത്രണ്ടോടെ തൃശൂരിൽ നിന്നു കൊഴിഞ്ഞാമ്പാറയ്ക്കു വരികയായിരുന്നു സ്വകാര്യ ബസിന് മുന്നിലാണ് നല്ലേപ്പിള്ളി വാളറയിൽ വച്ച് മുന്നിൽ ഇടതുവശം ചേർന്നു പോകുകയായിരുന്ന സ്‌കൂട്ടർ അപ്രതീക്ഷിതമായി വലത്തേക്കു സിഗ്നൽ നൽകാതെ തിരിഞ്ഞു കയറിയത്.