മലപ്പുറം:ശബരിമല ദര്‍ശനത്തിനെത്തിയ മലപ്പുറം സ്വദേശിനി കനകദുര്‍ഗയെ കാണാനില്ലെന്ന വാര്‍ത്ത വ്യാജം. സംഭവത്തില്‍ വിശദീകരണവുമായി കനകദുര്‍ഗ രംഗത്തെത്തിയിരിക്കുന്നു. താന്നെ കാണാനില്ലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്, സുരക്ഷ മുന്നില്‍ കണ്ടാണ് മാറി നില്‍ക്കുന്നതെന്നാണ് അവര്‍ പ്രതികരിച്ചത്. 24സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് കനകദുര്‍ഗ എത്തിയത്.
‘ഞാനും ബിന്ദുവും സുരക്ഷിതമായി ഒരു സുഹൃത്തിന്റെ വീട്ടിലാണ് ഉള്ളത്. പോലീസ് കസ്റ്റഡിയില്‍ അല്ല. ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ട്. അതുപോലെ ജീവന് ഭീഷണിയുള്ളതുകൊണ്ട് വീട്ടിലേക്ക് പെട്ടെന്ന് മടങ്ങിപ്പോകാന്‍ സാധ്യമല്ലാത്തതിനാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം നാട്ടിലേക്ക് തിരികെ പോകുന്നതാണ്. അതുവരെ സുഹൃത്തിന്റെ വീട്ടില്‍ താമസിക്കും’എന്നായിരുന്നു വീഡിയോയിലെ സന്ദേശം.
ഭാര്യയുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് കൃഷ്ണനുണ്ണി പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ശബരിമല ദര്‍ശനത്തിന് ഭാര്യ പോകുന്ന വിവരം അറിഞ്ഞിരുന്നില്ല, മാധ്യമങ്ങളിലൂടെയാണ് ശബരിമലയിലെത്തിയ വിവരം അറിഞ്ഞതെന്ന്
കൃഷ്ണനുണ്ണി നേരത്തെ വ്യക്തമാക്കിയിരുന്നു.