ഏച്ചൂർ: നാടിനെ വിറങ്ങലിപ്പിച്ച ദുരന്തത്തിന്റെ ദുഃഖത്തിലാണ് ഇപ്പോൾ ഏച്ചൂർ ദേശവാസികൾ. ഷാജിയുടെയും മകന്റെയും ചേതനയറ്റ ശരീരം പന്ന്യോട്ട് കരിയിൽ കുളത്തിൽ മരവിച്ചുകിടന്നപ്പോൾ ആ ദുരന്ത വാർത്ത കുടുംബത്തെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചു. പന്നിയോട്ട് സ്വദേശി ചേലോറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം ചന്ദ്രകാന്തം ഹൗസിലെ പി.പി.ഷാജി (50), മകൻ ജ്യോതിരാദിത്യ (16) എന്നിവരാണ് മരിച്ചത്.
നാസി കൂട്ടക്കൊല : 101കാരനായ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥന് തടവ് ശിക്ഷ
ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ് ഷാജി. ഏച്ചൂർ പന്നിയോട്ട് കരിയിൽ കുളത്തിൽ മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെയാണ് ഇരുവരും മുങ്ങി മരിച്ചത്. പത്താം ക്ലാസ് കഴിഞ്ഞ മകന് പ്ലസ്ടു പ്രവേശനത്തിന് നീന്തൽ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിനായാണ് നീന്തൽ പഠിക്കാൻ ഒരുങ്ങിയത്. രണ്ടാഴ്ചയായി മറ്റൊരാളുടെ ശിക്ഷണത്തിലാണ് നീന്തൽ പരിശീലിച്ചിരുന്നത്. എന്നാൽ, ബുധനാഴ്ച പരിശീലകൻ എത്തിയിരുന്നില്ല. തുടർന്ന് അച്ഛനും മകനും കുളത്തിലേക്ക് നീന്തൽ പഠിക്കാൻ ഇറങ്ങുകയായിരുന്നു.
നീന്തുന്നതിനിടെ കുളത്തിന്റെ ആഴത്തിൽപ്പെട്ട മകനെ രക്ഷിക്കാൻ ശ്രമിച്ച ഷാജിയും മുങ്ങിപ്പോവുകയായിരുന്നു. കുളക്കടവിന് സമീപം കാറും കുളക്കരയിൽ ചെരിപ്പും കണ്ടതിനെത്തുടർന്ന് ഇതുവഴി പോയവരാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. തുടർന്ന് നാട്ടുകാരും ചക്കരക്കൽ പോലീസും ചേർന്ന് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുകയായിരുന്നു. ചേലോറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് ജ്യോതിരാദിത്യ പഠിച്ചിരുന്നത്. കീഴല്ലൂർ പഞ്ചായത്ത് അസി. സെക്രട്ടറി ഷംനയാണ് ഷാജിയുടെ ഭാര്യ.
മൃതദേഹങ്ങൾ ഇന്ന് രാവിലെ 7.30 മുതൽ 9.30 വരെ പന്നിയോട്ടെ വീട്ടിലും തുടർന്ന് ഏച്ചൂർ ബാങ്കിന് സമീപത്തും 10-ന് ചേലോറ സ്‌കൂളിന് സമീപത്തെ വീട്ടിലും പൊതുദർശനത്തിന് വെച്ചതിനു ശേഷം, 10.30-ന് പയ്യാമ്പലത്ത് സംസ്‌കരിച്ചു.