ചേലക്കര: നറുക്കെടുപ്പ് വിജയിയെ തേടിയെത്തിയ സ്വകാര്യസ്ഥാപന ജീവനക്കാരെയും സ്‌കൂൾ അധ്യാപകരെയും നല്ല മനസ് കൊണ്ട് ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് ആറാംക്ലാസുകാരിയായ പിആർ ദേവിക. നറുക്കെടുപ്പിൽ ലഭിച്ച സൈക്കിളിന് പകരം അവളാവശ്യപ്പെട്ടത് അച്ഛന്റെ കൂട്ടുകാരന്റെ ഭാര്യയെ ചികിത്സിക്കാൻ പണമായിരുന്നു. ഈ തീരുമാനമാണ് എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചത്. ചേലക്കര ലിറ്റിൽ ഫ്‌ലവർ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനിയായ ദേവിക പൈങ്കുളം പുത്തൻപുരയിൽ രാജന്റെയും ചിത്രയുടെയും മകളാണ്.
സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ സമ്മാനക്കൂപ്പണിലായിരുന്നു ദേവികയ്ക്ക് സൈക്കിൾ സമ്മാനമായി ലഭിച്ചത്. ഈ വിവരം അറിയിക്കാനാണ് സ്ഥാപനത്തിലെ ജീവനക്കാർ സ്‌കൂളിലെത്തിയത്. വീട്ടിൽ അച്ഛനും അമ്മയും സുഹൃത്തിന്റെ കുടുംബത്തിന്റെ നിസ്സഹായാവസ്ഥ സംസാരിച്ചിക്കുന്നത് ദേവിക കേട്ടിരുന്നു.
എൽ.എസ്.എസ്. സ്‌കോളർഷിപ്പ് തുക ലഭിച്ചാൽ കുടുംബത്തിന് നൽകാമെന്ന് ചിന്തിച്ചിരിക്കുന്നതിനിടെയാണ് സൈക്കിൾ സമ്മാനമായി ലഭിച്ചത്. സമ്മാനം ലഭിച്ച സന്തോഷവാർത്ത കേട്ടപ്പോൾ വീട്ടുകാരോടുപോലും ചോദിക്കാതെ മറിച്ചു ചിന്തിക്കാതെ ചികിത്സയ്ക്ക് പൈസ ആവശ്യപ്പെട്ടത്. പിന്നീട് അധ്യാപകർ വീട്ടിലേക്ക് ഈ വിവരം വിളിച്ചറിയിച്ചപ്പോൾ മകളുടെ തീരുമാനത്തിന് മാതാപിതാക്കളും പിന്തുണ നൽകി.
മാതൃകാപരമായ തീരുമാനത്തെ സ്‌കൂൾ അധികൃതരും അഭിനന്ദിച്ചു. ബുധനാഴ്ച സ്‌കൂൾ അസംബ്ലിയിൽ ദേവികയെ പ്രത്യേകം അഭിനന്ദിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ ഗ്ലോറി, ക്ലാസ്ടീച്ചർ ജെസ്മി, റോയൽ സൂപ്പർമാർക്കറ്റിലെ ഷിഹാസ് തുടങ്ങിയവർ നേതൃത്വം നൽകി.
തുക ചികിത്സയ്ക്കായി കുടുംബത്തിന് കൈമാറുകയും ചെയ്തു. ഇതിനുപുറമേ സ്‌കൂളിൽനിന്ന് പിരിച്ചെടുത്ത തുകയും കുടുംബത്തിന് കൈമാറി. ദേവികയുടെ നല്ല മനസ്സിന് സ്ഥാപന ഉടമ പുസ്തകവും കുടയുമടക്കം സമ്മാനങ്ങളും നൽകി.