കൊച്ചി: താരസംഘടനയായ അമ്മയും ഷമ്മി തിലകനും തമ്മിലുള്ള തര്‍ക്കത്തില്‍ ഷമ്മി തിലകനെ പിന്തുണച്ച് നടി രഞ്ജിനി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രഞ്ജിനി പിന്തുണ വ്യക്തമാക്കിയത്.
അന്തരിച്ച നടന്‍ തിലകനെയും മകന്‍ ഷമ്മി തിലകനെയും സംഘടനയില്‍ നിന്ന് പുറത്താക്കിയത് അപലപനീയമായ നടപടിയാണെന്ന് അവര്‍ പറഞ്ഞു. വിജയ് ബാബുവിനെ അമ്മയില്‍ നിലനിര്‍ത്തിയ നടപടിയെയും അവര്‍ പരിഹസിച്ചു.
ഇടതുപക്ഷ എംഎല്‍എമാരായ എം മുകേഷിനെയും ഗണേഷ് കുമാറിനെയും രൂക്ഷമായ ഭാഷയിലാണ് രഞ്ജിനി വിമര്‍ശിച്ചിരിക്കുന്നത്. അമ്മയെന്ന ചെറിയ കൂട്ടായ്മയില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ കൂടെ നില്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ നിയോജക മണ്ഡലങ്ങളിലെ സാധാരണക്കാര്‍ക്കായി എന്ത് ചെയ്യാനാണെന്ന് രഞ്ജിനി ചോദിക്കുന്നു.
”തിലകന്‍ അങ്കിളിനെയും ഷമ്മി തിലകനെയും പോലെയുള്ള നിരപരാധികളായ അഭിനേതാക്കളെ അമ്മയില്‍ നിന്ന് പുറത്താക്കിയത് അപലപനീയമായ നടപടിയാണ്. അതേസമയം, ബലാത്സംഗക്കേസ് പ്രതി വിജയ് ബാബുവിനെ അമ്മയില്‍ നിലനിര്‍ത്തിയത് നല്ല നടപടിയാണ്!. അഭിനേതാക്കളുടെ സംഘം ഈയിടെയായി വലിയ കോമഡിയായി മാറിയിരിക്കുകയാണ്.
മാഫിയാ പ്രവര്‍ത്തനമാണ് അവിടെ നടക്കുന്നത്. അമ്മ സംഘടനയിലുള്ള രണ്ട് എംഎല്‍എമാര്‍ ഉറങ്ങുകയാണോ, ഈ ചെറിയ കൂട്ടായ്മയില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായി നിങ്ങള്‍ക്ക് നിലകൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങളുടെ നിയോജക മണ്ഡലങ്ങളിലെ സാധാരണക്കാര്‍ക്കായി നിങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നത്?” രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു.