തൃപ്രയാർ: കോടതി നിർദേശിച്ച പ്രകാരം സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ. നാട്ടിക മൂത്തകുന്നം സ്വദേശിനിയായ വീട്ടമ്മയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സർവേയർ അനിരുദ്ധൻ പിടിയിലായത്.
ചണ്ഡീഗഢിൽ നഴ്‌സിങ് ഓഫീസറായി ജോലിചെയ്യുന്ന, മൂത്തകുന്നം ചെറുപുരയിൽ ബാലകൃഷ്ണന്റെ മകൾ ദിവ്യയിൽനിന്നാണ് അനിരുദ്ധൻ കൈക്കൂലി ആവശ്യപ്പെട്ടത്. കുറച്ചുകാലമായി ഇയാൾ വിജിലൻസ് നിരീക്ഷണത്തിലായിരുന്നു.
ദിവ്യയുടെ അച്ഛന്റെ വക കുടുംബസ്വത്തിന്റെ അവകാശവാദവുമായി കുടുംബാംഗങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. കോടതി നിർദേശപ്രകാരം 2018 ഫെബ്രുവരിയിൽ കമ്മിഷന്റെ മേൽനോട്ടത്തിൽ അളന്നുതിട്ടപ്പെടുത്തുന്നതിന് താലൂക്ക് സർവേയറായ അനിരുദ്ധനെ ചുമതലപ്പെടുത്തി.
എന്നാൽ ഇയാൾ പലതവണ മാറ്റിവെച്ചശേഷം ഈ വർഷം ജനുവരിയിൽ 40 സെന്റ് സ്ഥലം അളന്നിരുന്നു. ഇതിനുള്ള ഫീസെന്ന പേരിൽ 8000 രൂപ കൈക്കൂലിയായി വാങ്ങിയിരുന്നെന്ന് വിജിലൻസ് അറിയിച്ചു.
പിന്നീട് ബാക്കിയുള്ള 35 സെന്റ് സ്ഥലം മേയ് പത്തിന് അളക്കാമെന്ന് പറഞ്ഞിരുന്നു. എന്നാൽ, മേയ് ഒമ്പതിന് അനിരുദ്ധൻ പരാതിക്കാരിയെ വിളിച്ച് തനിക്ക് അസുഖമാണെന്നും അളക്കാൻ പറ്റില്ലെന്നും പറഞ്ഞു, എന്നാൽ അന്വേഷിച്ചപ്പോൾ ഇയാൾ അന്നേ ദിവസം മറ്റൊരിടത്ത് അളക്കാനായി പോയിരുന്നതായി അറിഞ്ഞു. പിന്നീട് പലതവണ വിളിച്ചശേഷമാണ് ചൊവ്വാഴ്ച അളക്കാൻ സമ്മതിച്ചത്. അളക്കുന്നതിന് കൈക്കൂലി സർവേയർ ആവശ്യപ്പെട്ടെന്ന് കാണിച്ച് ദിവ്യ വിജിലൻസ് ഡിവൈഎസ്പിക്ക് ഇ-മെയിൽ വഴി പരാതി നൽകിയിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ എത്തിയ ദിവ്യയുടെ സഹായത്തോടെയാണ് വിജിലൻസ് കെണിയൊരുക്കിയത്. 35 സെന്റ് ഭൂമി അളക്കുന്നതിന് 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വൈകീട്ട് അഞ്ചോടെ വിജിലൻസ് ഡിവൈഎസ്പി പിഎസ് സുരേഷ് അനിരുദ്ധനെ അറസ്റ്റ് ചെയ്തത്.