തിരുവനന്തപുരം: വീണ വിജയനെതിരായ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പരാമര്‍ശങ്ങളില്‍ മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തില്‍ യുഡിഎഫ് തുടര്‍ പ്രതിപക്ഷമാകാന്‍ ഒരുപാട് കാരണങ്ങളുണ്ട്. അതിലൊരു കാരണം ഇത്തരം പ്രചാരണങ്ങളാണ്.
പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പിഡബ്ലുസി ഡയറക്ടര്‍ മെന്ററെപ്പോലെയെന്ന് വീണാ പറഞ്ഞുവെന്നാണ് ആരോപണം.
ജനങ്ങള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൃത്യമായ നിലപാട് സ്വീകരിച്ചതാണെന്ന് മാത്യു കുഴല്‍നാടനെതിരേ നിയമനടപടികള്‍ സ്വീകരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
‘അദ്ദേഹത്തിന് ഇനിയും ഇനിയും പറയാനുള്ള അവകാശമുണ്ട്. ജനാധിപത്യത്തില്‍ ഒരാള്‍ക്ക് പറഞ്ഞകാര്യം തന്നെ പറയാനുള്ള അവകാശമില്ലെന്ന് പറയാന്‍ പറ്റുമോ? മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍ എന്ന് ഒരിക്കല്‍ പറയാം. അടുത്ത പ്രാവശ്യം പറയാം ദുല്‍ഖറിന്റെ വാപ്പയാണ് മമ്മൂട്ടിയെന്ന്’, റിയാസ് പറഞ്ഞു.
ജേക്ക് ബാലകുമാര്‍ മെന്ററെ പോലെയാണെന്ന എക്‌സാലോജിക് കമ്പനിയുടെ വെബ്‌സൈറ്റിലെ പരാമര്‍ശം എന്ത് മറയ്ക്കാനാണ് പിന്‍വലിച്ചതെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഇന്നലെ നിയമസഭയില്‍ ചോദിച്ചിരുന്നു. പിഡബ്ല്യു.സി. ഡയറക്ടറായിരുന്നു ബാലകുമാര്‍. വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ വെബ്‌സൈറ്റ് അപ്രത്യക്ഷമായി. കുറച്ച് കാലം കഴിഞ്ഞ് വീണ്ടും വെബ്‌സൈറ്റ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ബാലകുമാറിനെ കുറിച്ചുള്ള വാക്യങ്ങള്‍ മാറ്റിയിരുന്നുവെന്നും കുഴല്‍നാടന്‍ പറഞ്ഞിരുന്നു.
മെന്ററെ പോലെയാണെന്ന് മകള്‍ പറഞ്ഞ കാര്യം നിഷേധിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. സ്വര്‍ണം പിടിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോ തനിക്ക് നേരിട്ടോ ഒരു ബന്ധവുമില്ലെന്നാണ് ആദ്യം പ്രതികരിച്ചത്. ശിവശങ്കറെ വിളിച്ചുവെന്ന് തെളിഞ്ഞപ്പോള്‍ വിവാദവനിതയെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സ്വപ്നയെ നിയമിച്ച മുഖ്യമന്ത്രി സ്വപ്നയെ സംരക്ഷിക്കാന്‍ തയ്യാറായി. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ എന്താണ് ചെയ്തതെന്ന് മുഖ്യമന്ത്രി ചോദിച്ചിരുന്നുവെന്നും കുഴല്‍നാടന്‍ പറഞ്ഞിരുന്നു.
Discussion about this post