കോട്ടയം: പഠിച്ച് ഒരു നഴ്‌സാകണമെന്ന് ആഗ്രഹിച്ച വിദ്യാർത്ഥിനിയെ പരീക്ഷയെഴുതാൻ പോകും വഴി കവർന്ന് അപകടം. സ്‌കൂട്ടർ ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു. കോട്ടയം കൊല്ലാട് കളത്തിൽക്കടവിൽ വടവറയിൽ ആലിച്ചന്റെയും സിസിലിയുടെയും മകൾ അന്നു സാറാ അലി(17) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.45-നാണ് അപകടത്തിൽപെട്ടത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോട്ടയം ബേക്കർ സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു മരിച്ച അന്നു. സഹോദരൻ അഡ്വിൻ അലിക്കൊപ്പം പരീക്ഷ എഴുതാനായി പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ എതിരേവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാലിനും മുഖത്തും പരിക്കേറ്റ അഡ്വിൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടുപേരും ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും അപകടത്തിൽ ഹെൽമെറ്റുകൾ പൊട്ടിപ്പോയി. മൃതദേഹം ബുധനാഴ്ച 12-ന് കളത്തിൽക്കടവിലെ വീട്ടിൽനിന്ന് കോട്ടയം ബേക്കർ സ്‌കൂളിലെത്തിച്ച് പൊതുദർശനം നടത്തും. കുട്ടികളുടെ അന്തിമോപചാരത്തിന് ശേഷം മൂന്നിന് മുട്ടമ്പലം ദി പെന്തക്കോസ്തു മിഷൻ സെമിത്തേരിയിൽ സംസ്‌കാരച്ചടങ്ങ് നടക്കും.
പഠിച്ച് നഴ്സായി ആതുരസേവനം നടത്താനായിരുന്നു അന്നു കുട്ടിക്കാലം തൊട്ട് ആഗ്രഹിച്ചിരുന്നത്. പഠനത്തിൽ മിടുക്കിയായിരുന്ന അന്നു നഴ്‌സാകുമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ടീച്ചേഴ്‌സുമെല്ലാം ആശിർവദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഉണ്ടായ സ്‌കൂട്ടർ അപകടത്തിൽ സ്വപ്‌നങ്ങളെല്ലാം പൊലിയുകയായിരുന്നു.
കോട്ടയം മൗണ്ട് കാർമൽ സ്‌കൂളിൽനിന്ന് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയാണ് അന്നു പത്താംതരം ജയിച്ചത്. കോട്ടയം ബേക്കർ സ്‌കൂളിൽ പ്ലസ് ടു ബയോളജി സയൻസായിരുന്നു പഠിച്ചിരുന്നത്. ഇതുവരെയുള്ള പരീക്ഷ നല്ല രീതിയിൽ എഴുതിയിരുന്നു.
ബാക്കിയുള്ള പരീക്ഷയ്ക്കായി പോകുമ്പോഴായിരുന്നു അപകടം. മത്സരപരീക്ഷകൾക്ക് പരിശീലിക്കുന്ന സഹോദരൻ അഡ്വിനാണ് എല്ലാ ദിവസവും സഹോദരിയെ സ്‌കൂളിൽ കൊണ്ടുവിട്ടിരുന്നത്.