പാലക്കാട്: പാലക്കാട് ധോണി സ്വദേശിനിയായ അജിഷയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. അജിഷ ആത്മഹത്യ ചെയ്തതല്ലെന്നും ഭർത്താവിന് മരണത്തിൽ പങ്കുണ്ടെന്നുമാണ് ആരോപണം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അജിഷയെ അടുക്കളയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിത്. ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ രാത്രി പത്തിന് മരണപ്പെട്ടു.
തുടർന്ന് നടത്തിയ പരിശോധനയിൽ വിഷം കഴിച്ചിരുന്നതായും കണ്ടെത്തി. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. സംഭവദിവസം രാവിലെ അമ്മ വസന്തയെ വിളിച്ച് തേനൂരിലെ വീട്ടിലെത്തണമെന്ന് അജിഷ ആവശ്യപ്പെട്ടിരുന്നു. ഇതേദിവസംതന്നെ ‘മമ്മിയെ പപ്പ ശല്യംചെയ്യുന്നു, പോയി ചത്തൂടെ’ എന്ന് ചോദിക്കുന്നുവെന്ന് പറഞ്ഞ് അജിഷയുടെ മക്കൾ വസന്തയ്ക്ക് വാട്സ്ആപ്പിൽ ശബ്ദസന്ദേശവും അയച്ചിരുന്നു. ഇക്കാര്യങ്ങൾ സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുന്നുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
അജിഷയും ഭർത്താവ് പ്രമോദും തമ്മിൽ നിരന്തരം വഴക്കായിരുന്നു. രണ്ടാഴ്ച മുമ്പുണ്ടായ വഴക്കിൽ അജിഷയുടെ കൈയൊടിഞ്ഞിരുന്നു. സർക്കാരുദ്യോഗസ്ഥനായ തനിക്ക് അതിനനുസരിച്ചുള്ള സ്ത്രീധനം ലഭിച്ചിട്ടില്ലെന്ന് പരാതിപ്പെട്ടാണ് പ്രമോദ് അജിഷയെ ഉപദ്രവിച്ചിരുന്നത്.
തന്റെ സഹോദരി ആത്മഹത്യചെയ്യില്ലെന്നും ഭർത്താവാണ് ഇതിനുപിന്നിലെന്നുമാണ് സഹോദരൻ അനൂപ് ആരോപിക്കുന്നുണ്ട്. തിങ്കളാഴ്ച ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
അജിഷയുടെ ഭർത്താവ് പ്രമോദ് കരിമ്പ ഗ്രാമപ്പഞ്ചായത്തിലെ യുഡി ക്ലാർക്കാണ്. മക്കൾ: റോഹൻ മാധവ്, റിദ്വിൻ മാധവ്. അപ്പുക്കുട്ടിയാണ് അജിഷയുടെ പിതാവ്. സഹോദരങ്ങൾ: അനൂപ്, സൗമ്യ.