‘ഈ മീറ്റിംഗ് ഒക്കെ കാണുമ്പോൾ നമ്മളെടുത്ത നിലപാട് വളരെ കൃത്യമാണ്… എന്റെ രാജി ശരിയെന്ന് തെളിഞ്ഞു’ ഹരീഷ് പേരടി

hareesh peradi | Bignewslive

താരസംഘടന അമ്മയിൽ നിന്ന് രാജിവച്ചത് ശരിയായ തീരുമാനമെന്ന് തെളിഞ്ഞതായി നടൻ ഹരീഷ് പേരടി. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടൻ. സംഘടന ഒരു ക്ലബ്ബ് ആണെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത് ശരിയായില്ലെന്നും ഹരീഷ് പേരടി പ്രതികരിച്ചു. ബലാൽസംഗക്കേസിൽ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ പങ്കെടുപ്പിച്ചതടക്കം അമ്മയുടെ വാർഷിക ബനറൽ ബോഡി യോഗത്തിനു പിന്നാലെ ഉയർന്ന ചർച്ചകളിൽ തന്റെ നിലപാട് അറിയിക്കുകയായിരുന്നു അദ്ദേഹം.

അമ്മയുടെ ഫണ്ടുപയോഗിച്ച് ഗണേഷ് കുമാർ തെരഞ്ഞെടുപ്പിന് മുമ്പ് സ്ത്രീകൾക്ക് വീട് പണിതു നൽകി;തിലകനെ ഗുണ്ടകളെ വിട്ട് തല്ലിക്കാൻ നോക്കി; എന്നെ ചൊറിയരുത്, മാന്തും: ഷമ്മി തിലകൻ

വിജയ് ബാബുവിനെ യോഗത്തിൽ പങ്കെടുപ്പിച്ചത് തെറ്റായ സന്ദേശമാണ് നൽകുകയെന്ന് പറഞ്ഞ ഹരീഷ് സംഘടനയിൽ പുതിയ തലമുറ മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. എൻറെ രാജി വ്യക്തിപരമായിരുന്നില്ല. മറിച്ച് നിലപാടായിരുന്നു. സംഘടന നിലപാട് മാറ്റിയാൽ രാജി പിൻവലിക്കുന്ന കാര്യം അപ്പോൾ ആലോചിക്കേണ്ട കാര്യമാണ്, ഹരീഷ് പേരടി കൂട്ടിച്ചേർത്തു.

‘സംഘടന ഒരു ക്ലബ് ആണെന്ന തരത്തിലുള്ള പറച്ചിൽ ശരിയായ രീതിയല്ല. ഗണേശേട്ടനൊക്കെ ഇതിനുള്ള മറുപടി പറഞ്ഞുകഴിഞ്ഞു. ഇത്തരം നിലപാടുകൾ ഇവർ സ്വീകരിക്കുന്നത് കൊണ്ടാണ് ഞാനൊക്കെ അതിൽ നിന്ന് രാജി വച്ചത്. ഈ മീറ്റിംഗ് ഒക്കെ കാണുമ്പോൾ നമ്മളെടുത്ത നിലപാട് വളരെ കൃത്യമാണ്, പുരോഗമന സമൂഹത്തിന് നൽകുന്ന വലിയൊരു സന്ദേശമാണെന്നാണ് ഞാൻ കരുതുന്നതെന്നും അദ്ദേഹം പറയുന്നു.

അതേസമയം, ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബു ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തതിനെ ഭാരവാഹികൾ ന്യായീകരിക്കുകയും ചെയ്തിരുന്നു. വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. മാറി നിൽക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കോടതി വിധി വന്ന ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നാണ് ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത്.

Exit mobile version