കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഓഡിയോ സംഭാഷണം പുറത്തുവന്നതില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ വിജയ് ബാബു. മൗനമാണ് മികച്ച മറുപടി എന്ന് ചിത്രം പോസ്റ്റ് ചെയ്താണ് വിജയ് ബാബുവിന്റെ മറുപടി. എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ലെന്നും, ഒടുവില്‍ സത്യം വിജയിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
”എന്തു സംഭവിച്ചാലും പ്രകോപിതനാകില്ല. ബഹുമാനപ്പെട്ട കോടതിയുടെ നിര്‍ദേശപ്രകാരം മാധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണവുമായി നൂറു ശതമാനം സഹകരിക്കുന്നുണ്ട്. അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ.”– വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, നടിയുടെ പരാതിയില്‍ വിജയ് ബാബുവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയിരുന്നു. എറണാകുളം സൗത്ത് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂലൈ 3 വരെ രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ ഉണ്ടാകണം എന്നാണ് കോടതി നിര്‍ദേശം.
കേസിനെ കുറിച്ചുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും ഈ ദിവസങ്ങളില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ അന്വേഷണ സംഘത്തിന് അറസ്റ്റ് രേഖപ്പെടുത്താമെന്നും കോടതി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 5 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യവും എന്ന വ്യവസ്ഥയില്‍ ജാമ്യം അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.