കൽപ്പറ്റ: വയനാട്ടിലെ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിലെ സംഘർഷത്തിന് പിന്നാലെ ഉണ്ടായ അക്രമസംഭവങ്ങളിൽ പങ്കുണ്ടെന്ന് സമ്മതിച്ച് യൂത്ത് കോൺഗ്രസ് നേതാവ്. എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിക്കാനാണ് താൻ പോയതെന്ന് യൂത്ത് കോൺഗ്രസ് നേതാവായ ജഷീർ പള്ളിവയൽ പറഞ്ഞു.
എസ്എഫ്ഐ ഓഫീസിന്റെ സമീപത്താണ് ദേശാഭിമാനി ബ്യൂറോ. എന്നാൽ അവിടേക്ക് കല്ലേറ് നടത്തിയത് ആരാണെന്ന് തനിക്ക് അറിയില്ലെന്നും തന്റെ കൂട്ടത്തിലുള്ള ആരോ ആണെന്നും ജഷീർ പറഞ്ഞതായി റിപ്പോർട്ടർ ടിവി ചാനൽ റിപ്പോർട്ട് ചെയ്തു.
രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്തതിന് പകരം ചോദിക്കാനായാണ് പോയതെന്നാണ് ഇദ്ദേഹത്തിന്റെ വാദം. എസ്എഫ്ഐയുടെ ജില്ലാ കമ്മിറ്റി അംഗങ്ങളെയും മറ്റ് ആളുകളെയും ലക്ഷ്യമിട്ട് തന്നെയാണ് കെഎസ്‌യു- യൂത്ത് കോൺഗ്രസ് സംഘം പോയതെന്നും ജഷീർ പള്ളിവയൽ പറഞ്ഞു.
”രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്ത എസ്എഫ്ഐയുടെ ജില്ലാ കമ്മിറ്റി അംഗങ്ങളെയും മറ്റ് ആളുകളെയും ലക്ഷ്യമിട്ട് തന്നെയാണ് ഞങ്ങൾ പോയത്. ലക്ഷ്യമിട്ടെന്ന് ഉദേശിച്ചത് അവരെയൊന്ന് കാണാൻ വേണ്ടിയിട്ട്, എന്തിനാണ് അടിച്ച് തകർത്തതെന്ന് ചോദിക്കാൻ വേണ്ടിയിട്ടാണ്. വേറൊന്നുമില്ല. ഗാന്ധിജിയെന്ന് പറയുന്നത് ഞങ്ങൾ ന്യൂജനറേഷൻ ഭാഷയിൽ ചങ്കാണ്. നാഥുറാം ഗോഡ്സേയെ നെഞ്ചിലേറ്റുന്നവർ അല്ല ഞങ്ങൾ.”
ALSO READ- ‘ഞങ്ങളുടെ കുഞ്ഞ് വരുന്നു’; സന്തോഷം പങ്കുവെച്ച് ആലിയ ഭട്ട്
”ഇന്നലെ നടന്ന യുഡിഎഫിന്റെ പ്രതിഷേധപരിപാടിയിൽ പങ്കെടുത്ത് എസ്എഫ്ഐ ഓഫീസിലേക്ക് കല്ല് എറിയാൻ, ആക്രമിക്കാൻ പോയ ഒരാൾ തന്നെയാണ് ഞാൻ. എന്റെ കൈയിൽ നിന്ന് കല്ല് പതിഞ്ഞിട്ടില്ല. സഹപ്രവർത്തകരുടെ ഭാഗത്ത് നിന്ന് സംഭവിച്ചിട്ടുണ്ടാകാം. ആ സഹപ്രവർത്തകരുടെ മുന്നിൽ നിന്നയാൾ തന്നെയാണ് ഞാൻ.”
”എസ്എഫ്ഐ ഓഫീസ് ലക്ഷ്യം വച്ച് തന്നെയാണ് ഞങ്ങൾ പോയത്. എസ്എഫ്ഐ ഓഫീസിന്റെ തൊട്ടു മുന്നിലാണ് ദേശാഭിമാനി ഓഫീസ്. ആരോ കല്ലെടുത്ത് എറിഞ്ഞു, ആരാണെന്ന് അറിയില്ല. സഹപ്രവർത്തകരുടെ മുന്നിൽ ഞാനുണ്ടായിരുന്നു. എസ്എഫ്ഐ ഓഫീസ് ആക്രമിക്കാനാണ് പോയത്. ആവർത്തിച്ച് പറയുന്നു, ഇതിൽ ഉറച്ചുനിൽക്കുന്നു. എന്നാൽ ദേശാഭിമാനിയിലേക്ക് ആരാണ് കല്ല് എറിഞ്ഞതെന്ന് എനിക്ക് അറിയില്ല. പക്ഷെ ആ സംഘത്തിന്റെ മുന്നിൽ നട്ടെല്ല് നിവർത്തി ഞാനുണ്ട്. അപലപിക്കാനോ ഖേദിക്കാൻ ഞാനില്ല.”- ജംഷീർ പറയുന്നു.
Discussion about this post