പാലക്കാട്: യുഎസ് പ്രസിഡന്റിന്റെ മികച്ച യുവശാസ്ത്രജ്ഞയ്ക്കുള്ള പുരസ്കാരം നേടി പാലക്കാട് സ്വദേശിനി ശ്രുതി നാരായണന്. കുമരനെല്ലൂര്‍ സ്വദേശിനിയായ ശ്രുതി തനിയ്ക്ക് ലഭിച്ച പുരസ്കാര തുക സാധാരണക്കാരായ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് സംഭാവന ചെയ്തിരിക്കുകയാണ്.
പൊതുവിദ്യാലയത്തില്‍ പഠിച്ച് മികച്ച കരിയര്‍ കണ്ടെത്തിയ ശ്രുതി ഇപ്പോള്‍ ക്ലെംസണ്‍ യൂണിവേഴ്സിറ്റിയില്‍ അധ്യാപികയാണ്. സ്പീക്കര്‍ എംബി രാജേഷാണ് ശ്രുതിയുടെ നന്മ ലോകത്തെ അറിയിച്ചിരിക്കുന്നത്. തനിക്കു ലഭിച്ച അവാര്‍ഡ് തുക പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവിടാന്‍ ആഗ്രഹിക്കുന്നുവെന്ന് ശ്രുതി എംപി രാജേഷിനെ അറിയിച്ചിരുന്നു.
തൃത്താല മണ്ഡലത്തിലെ പഠിക്കാന്‍ മിടുക്കരും സാമ്പത്തികമായി പിന്തുണ അര്‍ഹിക്കുന്നവരുമായ കുട്ടികള്‍ക്ക് ഒരു ജനകീയ സ്കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നുണ്ട്. ആ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന 8 പെണ്‍കുട്ടികള്‍ക്ക് അവരുടെ പ്ലസ് വണ്‍, പ്ലസ്ടു പഠന കാലയളവിലുടനീളം നല്‍കാനുള്ള സ്കോളര്‍ഷിപ്പ് തുക ശ്രുതി നല്‍കും.
സമൂഹത്തിനാകെ പ്രചോദനമാകുന്ന ഒരു പ്രവൃത്തിയെക്കുറിച്ചുള്ള സന്തോഷം ഇവിടെ പങ്കുവയ്ക്കട്ടെ. ശ്രുതിയെക്കുറിച്ച് ഞാന്‍ നേരത്തെ ഇവിടെ പറഞ്ഞിട്ടുണ്ട്. കുമരനെല്ലൂര്‍ സ്കൂളില്‍ പഠിച്ച മിടുക്കി. യു.എസ്. പ്രസിഡന്റിന്റെ മികച്ച യുവശാസ്ത്രജ്ഞയ്ക്കുള്ള പുരസ്കാര ജേതാവ്. ഇപ്പോള്‍ ക്ലെംസണ്‍ യൂണിവേഴ്സിറ്റിയിലെ അധ്യാപിക. ശ്രുതി നല്കിയ വാക്ക് പാലിക്കുന്നതിനെക്കുറിച്ചാണീ കുറിപ്പ്
തനിക്കു ലഭിച്ച അവാര്‍ഡ് തുക പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനയി ചെലവിടാന്‍ ആഗ്രഹിക്കുന്നു എന്ന് ശ്രുതി എന്നെ അറിയിച്ചിരുന്നു. തൃത്താല മണ്ഡലത്തില്‍ പഠിക്കാന്‍ മിടുക്കരും സാമ്പത്തികമായി പിന്തുണ അര്‍ഹിക്കുന്നവരുമായ കുട്ടികള്‍ക്ക് ഒരു ജനകീയ സ്കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നുണ്ട്. ആ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന 8 പെണ്‍കുട്ടികള്‍ക്ക് അവരുടെ പ്ലസ്വണ്, പ്ലസ്ടു പഠന കാലയളവിലുടനീളം നല്‍കാനുള്ള സ്കോളര്‍ഷിപ്പ് തുക ശ്രുതി നല്‍കും.
കഴിഞ്ഞ ദിവസം അമേരിക്കയില്‍ നിന്നെത്തിയ ശ്രുതി എന്നെ കാണാന്‍ സമയം ചോദിച്ചിരുന്നു. കുമരനെല്ലൂരില്‍ പരിപാടിയുള്ളതിനാല്‍ വീട്ടിലേക്ക് വരാം എന്ന് ഞാന്‍ പറഞ്ഞു. ശ്രുതിയും അതേ യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായ ഭർത്താവ് പ്രദീഷും അഞ്ചുവയസ്സുകാരി മകളും പരിഷത്ത് പ്രവര്‍ത്തകരായ അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നു. അവിടെവച്ചുതന്നെ ശ്രുതി ചെക്ക് കൈമാറാന്‍ സന്നദ്ധത അറിയിച്ചു.
എന്നാല്‍ പണം എനിക്കു തരുന്നതിനു പകരം പദ്ധതി പ്രകാരം തെരഞ്ഞെടുക്കുന്ന കുട്ടികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് തുക അയച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. ജനകീയ സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അര്‍ഹരായ കുട്ടികളെ വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടുമാസത്തിനകം തെരഞ്ഞെടുക്കും. മറ്റ് പല സുഹൃത്തുക്കളും കൂട്ടായ്മകളും കുട്ടികളുടെ സ്കോളര്‍ഷിപ്പ് സ്പോണ്സര് ചെയ്യാന്‍ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്. അവരുടെ വിവരങ്ങളും പദ്ധതിയുടെ വിശദാംശങ്ങളും പിന്നീട് പങ്കുവയ്ക്കാം.
പൊതുവിദ്യാലയത്തില്നിന്നാണ് ശ്രുതി പഠിച്ചുയര്‍ന്നത്. അതിലൂടെ ആര്‍ജ്ജിച്ച സാമൂഹിക പ്രതിബദ്ധതയാണ് തന്റെ പുരസ്കാര തുക പൊതുവിദ്യാലയങ്ങളിലെ മിടുക്കികളായ പെണ്‍കുട്ടികളുടെ പഠനത്തിനായി വിനിയോഗിക്കാന്‍ ശ്രുതിയെ പ്രേരിപ്പിച്ചത്. ശ്രുതിക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ നന്ദി. സ്കോളര്‍ഷിപ്പിനുള്ള പിന്തുണയ്ക്കു മാത്രമല്ല, നിറഞ്ഞ സ്നേഹത്തിനും ഗംഭീര പഴംചക്ക പ്രഥമനോടുകൂടിയ ഭക്ഷണത്തിനും കൂടി.
Discussion about this post