കൊച്ചി: മലയാളത്തിലെ ഈയടുത്തായി ഇറങ്ങിയ സിനിമകളിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധേയനായ നടൻ പ്രസാദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി സ്വദേശി കാവുങ്ങൽപറമ്പിൽ വീട്ടിൽ എൻഎഡി പ്രസാദി(43)നെ വീടിനു മുന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ആക്ഷൻ ഹീറോ ബിജു ഉൾപ്പടെയുള്ള സിനിമകളിൽ വില്ലൻ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രസാദിനെ ഞായറാഴ്ച രാത്രി ഏഴ് മുപ്പതോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
ആക്ഷൻ ഹീറോ ബിജു, ഇബ, കർമാനി എന്നി സിനിമകളിലാണ് പ്രസാദ് വില്ലൻ വേഷം അവതരിപ്പിച്ചത്.
മരണത്തിൽ ദുരൂഹത ഇല്ലെന്നും ആത്മഹത്യയാണെന്നുമാണ് പോലീസ് നിഗമനം. ഒട്ടേറെ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മാനസിക പ്രശ്നങ്ങളും കുടുംബപ്രശ്നവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
നിരവധി അക്രമ കേസുകളുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുള്ള ആളാണ് പ്രസാദ്. മയക്കുമരുന്നു കേസിൽ അറസ്റ്റിലായിട്ടുമുണ്ട്.