കൊച്ചി: മാനഭംഗക്കേസില്‍ പ്രതിയായ നടന് വിജയ് ബാബുവിനെ പുറത്താക്കാനാകില്ലെന്ന് വ്യക്തമാക്കി താരസംഘടനയായ അമ്മ. കൊച്ചിയിലെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് ശേഷമാണ് അമ്മ നിലപാടെടുത്തത്. ജനറല്‍ ബോഡിയില്‍ വിജയ്ബാബുവും പങ്കെടുത്തിരുന്നു. കോടതി തീരുമാനത്തിന് മുന്‍പ് എടുത്തുചാടി തീരുമാനം കൈക്കൊള്ളാനാകില്ലെന്ന് സംഘടന വ്യക്തമാക്കി.
വിജയ് ബാബുവിനെതിരെ കടുത്ത നടപടിക്കുള്ള ആഭ്യന്തര പരാതി പരിഹാര സെല്‍ ശുപാര്‍ശ എക്സിക്യൂട്ടീവ് കമ്മിറ്റി തള്ളിയതിനെ ഇടവേള ബാബുവും സിദ്ദിഖുമാണ് പ്രതിരോധിച്ചത്. കോടതി തീരുമാനം വരുംമുന്പ് എടുത്തുചാടി തീരുമാനമെടുക്കാനാകില്ല. അമ്മ ഒരു ക്ലബ് മാത്രമാണെന്നും വിജയ് ബാബു അംഗമായ മറ്റ് സംഘടനകള്‍ അയാളെ പുറത്താക്കിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു.
അമ്മയ്ക്ക് മാത്രമായി ഇനി ആഭ്യന്തര പരിഹാര സമിതിയില്ലെന്നും സിനിമയ്ക്ക് മൊത്തമായി ഫിലിം ചേംബറിന് കീഴില്‍ ഒറ്റ സമിതിയുണ്ടാകുമെന്നും ഇടവേള ബാബു പറഞ്ഞു. അതിനിടെ അച്ചടക്കലംഘനത്തിന്റെ പേരില്‍ ഷമ്മി തിലകനെ പുറത്താക്കാന്‍ ജനറല്‍ ബോഡി കൈക്കൊണ്ട തീരുമാനത്തില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അന്തിമ നിലപാട് പ്രഖ്യാപിക്കും.
എന്നാല്‍ തന്നോട് വിശദീകരണം ചോദിച്ച കത്തിന് മറുപടി നല്‍കിയതായി ഷമ്മി തിലകന് പ്രതികരിച്ചു. പുറത്താക്കാന്‍ മാത്രമുള്ള തെറ്റ് ചെയ്തിട്ടില്ലെന്നും അമ്മയിലെ ചില അംഗങ്ങളില്‍ നിന്ന് നീതി ലഭിക്കില്ലെന്നും ഷമ്മി കൊല്ലത്ത് പറഞ്ഞു.
Discussion about this post