കൊച്ചി: താരസംഘടന അമ്മയില്‍ നിന്നും പുറത്താക്കിയതില്‍ പ്രതികരിച്ച് നടന് ഷമ്മി തിലകന്. അമ്മയുടെ കത്തിന് ഓരോ വാക്കിനും കൃത്യമായ മറുപടി നല്‍കിയെന്ന് ഷമ്മി തിലകന് വ്യക്തമാക്കി. തൃപ്തികരമല്ലെന്ന മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. തെറ്റെന്തെന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്നും ഷമ്മി തിലകന് പറഞ്ഞു
സംഘടനയ്ക്ക് മതിയായ വിശദീകരണം നല്‍കിയില്ലെന്നാണ് ആരോപണം. ശാസനയോ മാപ്പെഴുതി വാങ്ങലോ ഉണ്ടാകുമെന്നാണ് കരുതിയത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും ഷമ്മി തിലകന് പറഞ്ഞു.
അമ്മയില്‍ നിന്ന് പുറത്താക്കുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. അമ്മയുടെ ലെറ്റര്‍ പാഡിന്റെ പ്രൈസ് കൊടുത്തത് താനാണ്. പുറത്താക്കിയെന്ന് അതില്‍ എഴുതി വരട്ടെ. താന്‍ നല്കിയ റിപ്പോര്‍ട്ട് ചിലര്‍ക്ക് മനസിലായിട്ടുണ്ടാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കാര്യം ബോധ്യപ്പെട്ടാല്‍ അവര്‍ പുറത്താക്കും എന്ന നിലപാടില്‍ നിന്ന് പിന്മാറുമെന്നാണ് പ്രതീക്ഷയെന്നും ഷമ്മി തിലകന് വ്യക്തമാക്കി. അമ്മയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും കാര്യങ്ങള്‍ എന്തെന്ന് മനസിലായിട്ടില്ല. അതിനാലാണ് പുറത്താക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചത്.
സംഘടനയെ മാഫിയ സംഘം എന്നു വിളിച്ചിട്ടില്ല. മമ്മൂട്ടി തന്നെ പിന്തുണച്ചു എന്നാണ് കരുതുന്നത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് നിരവധി കത്തുകള്‍ നല്കി. ഒന്നിനും മറുപടി ലഭിച്ചില്ല. അച്ഛനോട് ദേഷ്യമുള്ള ചിലര്‍ക്ക് തന്നെ പുറത്താക്കാനാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post