തിരുവമ്പാടി: യുവതിയെ ഭർത്തൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കൾ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ പോലീസിൽ പരാതി നൽകി.
പുല്ലൂരാംപാറ കൊളക്കാട്ട്പാറ കളക്കണ്ടത്തിൽ ശിഹാബുദ്ദീന്റെ ഭാര്യ ഹഫ്‌സത്ത് (20) മരിച്ച സംഭവത്തിലാണ് ഭർതൃവീട്ടുകാർക്ക് എതിരെ പരാതി ഉയർന്നിരിക്കുന്നത്. കോടഞ്ചേരി മുറമ്പാത്തി കിഴക്കെത്തിൽ അബ്ദുൽസലാം-സുലൈഖ ദമ്പതിമാരുടെ മകളാണ്. ഒരുവയസ്സുള്ള മകളുണ്ട്.
പുല്ലൂരാംപാറയിലെ ഓട്ടോഡ്രൈവറായ ശിഹാബുദ്ദീനാണ് ഭർത്താവ്. 2020 നവംബർ അഞ്ചിനായിരുന്നു ഇവരുടെ വിവാഹം. ബൈക്ക് വാങ്ങാനായി 50,000 രൂപ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നെന്നും മുഴുവൻതുക കൊടുക്കാനാകാത്തതിനാൽ കുടുംബശ്രീയിൽനിന്നും 25,000 രൂപ വായ്പയെടുത്തു നൽകിയിരുന്നതായും ഹഫ്‌സത്തിന്റെ പിതാവ് അബ്ദുൽസലാം പറയുന്നു.
ഹഫ്‌സത്ത് സ്തീധനത്തെച്ചൊല്ലി ഭർത്തൃവീട്ടുകാരുടെ പീഡനം സഹിച്ചിരുന്നെന്നാണ് മാതാപിതാക്കൾ പറയുന്നത്. മാനസികവും ശാരീരികവുമായി ഹഫ്‌സത്തിനെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് യുവതിയെ തൂങ്ങി നൽക്കുന്ന നിലയിൽ കണ്ടെത്തിയത്. വൈകീട്ട് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
ഭർത്തൃവീട്ടിൽ അമിതമായി ജോലി ചെയ്യിക്കാറുണ്ടായിരുന്നുവെന്നാണ് മാതാവ് സുലൈഖ പറയുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പിതാവിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായും തിരുവമ്പാടി പോലീസ് സ്റ്റേഷൻ ഓഫീസർ കെ സുമിത് കുമാർ അറിയിച്ചു.