അക്ഷരമാല പോലും പഠിച്ച് തുടങ്ങിയത് പ്ലസ് വണ്ണിലെത്തിയ ശേഷം; പ്ലസ്ടു പരീക്ഷയിൽ അറബിയിൽ 100ൽ 100 വാങ്ങി ഞെട്ടിച്ച് അനുമിത്ര; അനുമോദിച്ച് അധ്യാപകർ

എടവണ്ണ: മലപ്പുറം എടവണ്ണ ചാലത്തൂർ സ്വദേശിനി ടി അനുമിത്രയ്ക്ക് പ്ലസ്ടു പരീക്ഷാഫലം വന്നപ്പോൾ മാർക്ക് 92 ശതമാനാണ്. എന്നാൽ അറബിയിൽ 100 ശതമാനം അതായത് മുഴുവൻ മാർക്കും വാങ്ങിയാണ് ഈ വിദ്യാർത്ഥിനി വിജയം നുണഞ്ഞത്. പ്ലസ് ടു പരീക്ഷ അറബിയിൽ 200ൽ 200 മാർക്കും അനുമിത്ര സ്വന്തമാക്കി.

എടവണ്ണ ജാമിഅ നദ്വിയ്യ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ്. എടവണ്ണ ചാത്തലൂർ സ്വദേശി സുരേഷ് ബാബു-ദിവ്യ ദമ്പതികളുടെ മകളായ അനുമിത്രയ്ക്ക് പത്താം ക്ലാസിനുശേഷം തിരുവാലി സ്‌കൂളിലായിരുന്നു ഹയർ സെക്കൻഡറി പ്രവേശനം ലഭിച്ചത്.

എന്നാൽ, ദൂരം കൂടുതലായതിനെ തുടർന്ന് സമീപത്തുള്ള അറബി മാത്രമുള്ള ജാമിയ നദ്വിയ്യ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പഠനം തെരഞ്ഞെടുക്കുകയായിരുന്നു.പഠനകാലം കോവിഡ് ലോക്ക്ഡൗൺ കവർന്നതോടെ ഓൺലൈനായി വീട്ടിലിരുന്ന് അറബി അക്ഷരമാല പഠിച്ചെടുത്തു.

ALSO READ- കാഴ്ചശക്തി കുറഞ്ഞിട്ടും തളരാതെ അധ്വാനിച്ച് ജീവിക്കാൻ ഇരുമ്പ് പെട്ടിക്കട കടമായി വാങ്ങി; തൊട്ടടുത്ത ദിവസം മോഷണം പോയി; മോഷ്ടാവിന്റെ ക്രൂരതയിൽ മനംനൊന്ത് രാജു

കോവിഡ് കാലത്തെ പഠനം കൊണ്ട് അറബി വശത്താക്കിയ ഈ പെൺകുട്ടി അധ്യാപകരെ പോലും ഞെട്ടിച്ചാണ് പ്ലസ് വൺ പരീക്ഷയിലും പ്ലസ്ടു പരീക്ഷയിലും മുഴുവൻ മാർക്കും അറബിയിൽ നേടിയത്. മികച്ച മാർക്ക് നേടാനായതിൽ ഏറെ സന്തോഷമുണ്ടെന്നും ബിഎ സോഷ്യോളജി എടുക്കാനാണ് ആഗ്രഹമെന്നും അനുമിത്ര പറഞ്ഞു. അധ്യാപകരായ യു ഫിറോസ് ഖാൻ, പി അയ്യൂബ്, എം അഷ്‌റഫ്, എംഎം സാദിഖലി എന്നിവർ വീട്ടിലെത്തി പെൺകുട്ടിയെ അനുമോദിച്ചു.

Exit mobile version