കാഴ്ചശക്തി കുറഞ്ഞിട്ടും തളരാതെ അധ്വാനിച്ച് ജീവിക്കാൻ ഇരുമ്പ് പെട്ടിക്കട കടമായി വാങ്ങി; തൊട്ടടുത്ത ദിവസം മോഷണം പോയി; മോഷ്ടാവിന്റെ ക്രൂരതയിൽ മനംനൊന്ത് രാജു

മലയിൻകീഴ്: പ്രായത്തിന്റെ അവശതയെ തുടർന്ന് കാഴ്ച ശക്തി കുറഞ്ഞിട്ടും മറ്റുള്ളവരെ ആശ്രയിക്കാതെ ജോലി ചെയ്ത് ജീവിക്കാൻ ശ്രമിച്ച വയോധികനെ ചതിച്ച് മോഷ്ടാവിന്റെ ക്രൂരത. വിളപ്പിൽശാല ചൊവ്വള്ളൂർ പ്ലാക്കോട് ദീപാ ഭവനിൽ സി രാജു ( 65 ) ഉപജീവനത്തിനായി കടമായി വാങ്ങിയ പഴയ ഇരുമ്പ് പെട്ടിക്കടയാണ് മോഷണം പോയത്.

ഈ പെട്ടിക്കട വാങ്ങി സ്ഥാപിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ മോഷണം പോവുകയായിരുന്നു. ഒരു ദിവസം പോലും അതു തുറന്നു പ്രവർത്തിക്കാൻ രാജുവിന് സാധിച്ചില്ല.

റോഡരികിൽ വച്ചതിന്റെ പിറ്റേന്നു രാത്രി മോഷണം പോവുകയായിരുന്നു. ചായയും പലഹാരങ്ങളും തയാറാക്കി വിൽക്കുന്നതിനായാണു രാജു 18ന് പരിചയക്കാരന്റെ കൈയ്യിൽ നിന്നും ചെറിയ ഇരുമ്പ് പെട്ടിക്കട സംഘടിപ്പിച്ചത്. വിലയായ 20,000 രൂപ നാലുമാസത്തവണയായി കൊടുക്കാമെന്ന ഉറപ്പിലാണ് പെട്ടിക്കട വാങ്ങിയത്. വിളപ്പിൽശാല – മൈലാടി റോഡിൽ പാലയ്ക്കൽ എന്ന സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടെ കട സ്ഥാപിക്കുകയും ചെയ്തു.

ALSO READ- റെയ്ഡിന് എത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ കൺമുന്നിൽ വെച്ച് മകനെ വധിച്ചു; ആരോപണവുമായി ഐഎഎസ് ഉദ്യോഗസ്ഥൻ

എന്നാൽ, തൊട്ടടുത്ത ദിവസം തുറന്നു പ്രവർത്തിക്കാമെന്നു കരുതി കട പൂട്ടി മടങ്ങിയ രാജുവിനെ തൊട്ടടുത്ത ദിവസം രാവിലെ തേടിയെത്തിയത് കണ്ണീർ വാർത്തയായിരുന്നു. ആ രാത്രി തന്നെ വൈദ്യുത തൂണുമായി ബന്ധിപ്പിച്ച് കെട്ടിയിരുന്ന ചങ്ങല പൂട്ട് തകർത്ത് ആരോ കട കടത്തി.

കണ്ണിന് കാഴ്ചക്കുറവ്, ഹൃദ്രോഗം എന്നിവ ബാധിച്ചതോടെയാണു മുമ്പ് കൂലിപ്പണിക്കാരനായിരുന്ന രാജു കട നടത്തി ഉപജീവനം നടത്താൻ തീരുമാനിച്ചത്. ഭാര്യ എലിസബത്തും ഈ തീരുമാനത്തെ പിന്തുണച്ചു വിവാഹിതരായ രണ്ട് പെൺമക്കളെയും ആശ്രയിക്കാതെ ജീവിക്കാനാണ് ഇവർ ലക്ഷ്യമിട്ടത്. എന്നാൽ പെട്ടിക്കട നഷ്ടമായതോടെ ഇനി എന്തചെയ്യുമെന്ന് അറിയാതെ കണ്ണീരിലാണ് ഇദ്ദേഹം.

Exit mobile version