പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ സി രാജേന്ദ്രൻ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജേന്ദ്രൻ രാജിവെച്ചത്. നിലവിലെ അഡീഷണൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. രാജേഷ് എം മേനോനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കുകയും ചെയ്തു.
പ്രോസിക്യൂട്ടറെ മാറ്റണണെന്ന് മധുവിന്റെ അമ്മ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നേരത്തെ മധുവിന്റെ കുടുംബം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇദ്ദേഹത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചത്.
വാളയാറിൽ രണ്ടുപെൺകുട്ടികൾ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐ.ക്ക് വിടണമെന്നാവശ്യപ്പെട്ട് അമ്മ നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ ഹാജരായത് സി. രാജേന്ദ്രനായിരുന്നു. തുടർന്നായിരുന്നു അന്വേഷണം സി.ബി.ഐ.ക്ക് വിട്ടത്. ജൂൺ 8ന് കേസിൽ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികൾ കൂറ് മാറിയിരുന്നു.
തുടർന്ന് പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് മധുവിന്റെ അമ്മയും സഹോദരിയും രംഗത്ത് വന്നു. പ്രോസിക്യൂട്ടർ സി. രാജേന്ദ്രനെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബം ചീഫ് സെക്രട്ടറിക്കും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമാണ് കത്ത് നൽകിയത്.
Discussion about this post