കണ്ണൂർ: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടുകയും ടിടിഇ ആയി ചമഞ്ഞ് വിവാഹം കഴിക്കുകയും ചെയ്ത ഇരിട്ടി സ്വദേശിനി പിടിയിൽ. ഇരിട്ടി ചരൾ സ്വദേശിനി ബിനിഷ ഐസക്കിനെ (28) യാണ് കണ്ണൂർ ടൗൺ പോലിസ് അറസ്റ്റുചെയ്തത്. ജോലിക്കായി റെയിൽവേ സ്‌റ്റേഷനിൽ കൊണ്ടുചെന്നാക്കിയ യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇവർ ആർപിഎഫിന്റെ പിടിയിലായത്.
റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവർ യുവാവിനെ വിവാഹം കഴിച്ചത്. ഈ സംഭവത്തിലും പോലീസ് കേസെടുത്തു. ദിവസവും രാവിലെ ഭർത്താവ് ബിനിഷയെ റെയിൽവേ സ്റ്റേഷനിൽകൊണ്ടുവിടുകയായിരുന്നു പതിവ്. എന്നാൽ കഴിഞ്ഞ രണ്ടുദിവസമായി ജോലിക്കുപോയ ബിനിഷയെ തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവ് പോലീസിൽ പരാതിനൽകിയിരുന്നു.
അറസ്റ്റിലായ ബിനിഷയെ ആർപിഎഫ് ടൗൺ പോലിസിനു കൈമാറുകയായിരുന്നു. തുടർന്ന് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ജോലി വാഗ്ദാനം ചെയ്ത് പലരെയും വഞ്ചിച്ചതായി അറിയുന്നത്. അഞ്ചു പരാതികളാണു നിലവിൽ പോലീസിനു ലഭിച്ചത്.
സമൂഹമാധ്യമം വഴി ബന്ധപ്പെടുത്തിയാണ് റെയിൽവേയിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് ഇവർ പണം വാങ്ങിയത്. 50,000 രൂപ മുതൽ ഒരുലക്ഷം രൂപ വരെ നൽകി വഞ്ചിക്കപ്പെട്ടവരുണ്ടെന്നു പോലിസ് പറഞ്ഞു. അപേക്ഷാ ഫീസായി 10,000 രൂപ, പരീക്ഷയ്ക്കു 10,000, യൂണിഫോമിനു 5,000, താമസത്തിനും ഭക്ഷണത്തിനുമായി 15,000 എന്നിങ്ങനെ പണം വാങ്ങിയാണു തട്ടിപ്പ് നടത്തുക. യുവതിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ പലയിടത്ത് നിന്നു പണം ലഭിച്ചതായും പോലിസ് കണ്ടെത്തി.
ഇവരെ കൂടാതെ മറ്റൊരു യുവതിക്കും തട്ടിപ്പിൽ പങ്കുണ്ടെന്നും ഇവർക്കായി അന്വേഷണം തുടങ്ങിയതായും കണ്ണൂർ ടൗൺ പോലിസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു. പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെ പലരും പരാതി പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ളവർ തട്ടിപ്പിനിരയായതായി കണ്ടെത്തിയിട്ടുണ്ട്.
Discussion about this post