തിരുവനന്തപുരം: വാഹനാപകടത്തിൽ മരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സരിത എസ് നായർ എന്നൊരു സ്ത്രീ ഫോണിൽ വിളിച്ചിരുന്നെന്ന് പിതാവ് ഉണ്ണി. ‘ഞാൻ സരിത എസ് നായരാണ് വിളിക്കുന്നത്. നിങ്ങൾ കേസ് തോറ്റുപോകും. സിബിഐ കോടതിയുടെ വിധിക്ക് എതിരായ അപ്പീലിൽ ഇടപെടാം’- എന്നാണ് അന്ന് അവർ പറഞ്ഞതെന്നും ഉണ്ണി വെളിപ്പെടുത്തി.
ഈ മാസം 30-ന് വിധി പറയാനിരിക്കുന്ന കേസ് തനിക്ക് പ്രതികൂലമാകുമെന്നാണ് അവർ പറഞ്ഞതെന്നും ഇത് ദുരൂഹമാണെന്നുമാണ് ബാലഭാസ്‌കറിന്റെ പിതാവ് പറയുന്നത്. എങ്ങനെ കേസ് തോൽക്കുമെന്ന് താൻ ചോദിച്ചപ്പോൾ അതൊക്കെ തനിക്ക് അറിയാമെന്നായിരുന്നു സരിതയുടെ മറുപടിയെന്നും ഉണ്ണി പറയുന്നു.
മുമ്പ് വിളിച്ചിട്ട്, വക്കീലിന്റെ പേരും നമ്പറും തുടങ്ങിയ വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടിരുന്നുവെന്നും കേസിൽ സഹായിക്കാമെന്നുംമാണ് സംസാരിച്ചത്. അവർ എങ്ങനെ സഹായിക്കുമെന്ന് തനിക്കറിഞ്ഞുകൂടെന്നും ജഡ്ജി എഴുതി വെച്ചിരിക്കുന്ന വിധി ഇവർക്ക് എങ്ങനെ അറിയാമെന്നാണ് തനിക്ക് സംശയമെന്നും അദ്ദേഹം പ്രതികരിച്ചു.
ബാലഭാസ്‌കറിന്റെ മരണത്തിൽ അന്വേഷണം നടത്തിയ സിബിഐ ഇത് അപകട മരണമാണ് എന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം സിബിഐ കോടതി ശരിവെക്കുകയും ചെയ്തു. ഇതിനെതിരെ ബാലഭാസ്‌കറിന്റെ പിതാവ് അപ്പീൽ നൽകിയിരുന്നു. അതിന്റെ വിധിയാണ് ഈ മാസം 30-ന് വരാനിരിക്കുന്നത്.
അതേസമയം, ബാലഭാസ്‌കറിന്റെ പിതാവിനെ വിളിച്ച സരിത താൻ തന്നെയാണ് സോളാർ കേസ് പ്രതിയായ സരിത എസ് നായർ പ്രതികരിച്ചു. നിയമസഹായം നൽകാനാണ് വിളിച്ചതെന്ന് സരിത പറഞ്ഞു.
also read- ‘മറിമായത്തിലെ സുമേഷട്ടൻ’, നടൻ വിപി ഖാലിദ് അന്തരിച്ചു
‘ഞാനാണ് ബാലാഭാസ്‌കറിന്റെ പിതാവിനോട് സംസാരിച്ചത്. വർഷങ്ങൾക്ക് മുമ്പു തന്നെ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോഴത് ഓർക്കുന്നുണ്ടാകില്ല. എന്റെ അഭിഭാഷകനാണ് ആദ്യം ബാലഭാസ്‌കറിന്റെ കേസിൽ ഇടപ്പെട്ടിരുന്നത്. പിന്നീട് മറ്റൊരു അഭിഭാഷകന് കേസ് കൈമാറുകയായിരുന്നു. അത്തരത്തിലാണ് ഞാൻ വിളിച്ചത്. ബാലഭാസ്‌കറിന്റെ പിതാവ് നൽകിയ അപ്പീൽ തള്ളുകയാണെങ്കിൽ എന്റെ അഭിഭാഷകൻ മുഖേന മേൽകോടതിയിൽ സഹായിക്കാമെന്നാണ് താൻ പറഞ്ഞതെന്നും സരിത് പ്രതികരിച്ചു.
അതേസമയം, വരാനിരിക്കുന്ന വിധി പ്രതികൂലമാകുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും മേൽകോടതിയിൽ പോകുകയാണെങ്കിൽ തന്റെ അഭിഭാഷകൻ സഹായിക്കാമെന്ന ഉപദേശം മാത്രമാണ് നൽകിയിട്ടുള്ളതെന്നും സരിത എസ് നായർ വിശദീകരിച്ചു.
മുമ്പ് വിളിച്ചപ്പോഴും ഇപ്പോൾ വിളിച്ചപ്പോഴും അദ്ദേഹം നോ പറഞ്ഞിട്ടില്ല. ഇവിടുത്തെ അഭിഭാഷകനുമായി സംസാരിക്കട്ടെ എന്ന് പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്. ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണ ഉണ്ടായോ എന്നറിയില്ലെന്നും സരിത കൂട്ടിച്ചേർത്തു.
Discussion about this post