തിരുവനന്തപുരം: എംഎ യൂസഫലി ഇടപെട്ടു, അച്ഛനെ അവസാനമായി കാണാനും അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനുമുള്ള എബിന്റെ ആഗ്രഹം സഫലമായി. സൗദിയില്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച ബാബുവിനാണ് യൂസഫലിയുടെ കാരുണ്യത്തില്‍ ജന്മനാട്ടില്‍ അന്ത്യവിശ്രമം ഒരുങ്ങിയത്.
സൗദിയിലെ കമീസ് മുഷൈത്തില്‍ മരണപ്പെട്ട നെടുമങ്ങാട് സ്വദേശി ബാബുവിന്റെ മൃതദേഹം യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിച്ചു. ചെക്കക്കോണം സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.
സൗദിയില്‍ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാന്‍ സഹായം അഭ്യര്‍ത്ഥിച്ച് കഴിഞ്ഞയാഴ്ച ലോക കേരള സഭ ഓപ്പണ്‍ ഫോറത്തില്‍ എബിന്‍ യുസഫലിയെ സമീപിച്ചിരുന്നു. ഇതാണ് തടസ്സങ്ങള്‍ നീങ്ങാന്‍ വഴിയൊരുക്കിയത്. എബിന്റെ സങ്കടം മനസ്സിലാക്കിയ യൂസഫലി വേദിയില്‍ വച്ച് അധികൃതരുമായി സംസാരിക്കുകയും മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
സ്‌പോണ്‍സറെ ഒഴിവാക്കി മതിയായ രേഖകളില്ലാതെയാണ് ബാബു സൗദിയില്‍ ജോലി ചെയ്തത്. ഇതേ തുടര്‍ന്നുള്ള പിഴ ലുലു ഗ്രൂപ്പ് അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് സൗദി ജവാസത്ത് ഒഴിവാക്കി. ബാബുവിന്റെ ആദ്യ സ്‌പോണ്‍സറില്‍ നിന്ന് നിരാക്ഷേപ പത്രം ശേഖരിച്ച് അധികൃതര്‍ക്ക് കൈമാറി. ഇതോടെ മൃതദേഹം കേരളത്തിലെത്തിക്കാനുള്ള സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.
ഫൈനല്‍ എക്‌സിറ്റ് ലഭിച്ച ശേഷം ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാക്കി മൃതദേഹം ലുലു ഗ്രൂപ്പ് അധികൃതര്‍ റിയാദില്‍ നിന്ന് വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിച്ചു. കൊച്ചിയില്‍ നിന്ന് റോഡ് മാര്‍ഗം തിരുവനന്തപുരത്തെത്തിച്ചു. ഇതിനാവശ്യമായ ചിലവുകള്‍ യൂസഫലി വഹിച്ചു. ലുലു ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, മീഡിയ കോര്‍ഡിനേറ്റര്‍ മിഥുന്‍ സുരേന്ദ്രന്‍, പിആര്‍ഒ സൂരജ് അനന്തകൃഷ്ണന്‍ എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ച് നെടുമങ്ങാട്ടെ വീട്ടിലെത്തി.