കൊച്ചി: ബിജെപി പാർട്ടിയിൽ നിന്നും അകലുന്നുവെന്ന വാർത്തയോട് സുരേഷ് ഗോപി പൊട്ടിത്തെറിച്ചതിന് പിന്നാലെ അദ്ദേഹത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി മകൻ ഗോകുൽ സുരേഷ്. എല്ലാവരും കരുതുന്നതുപോലെ തന്റെ അച്ഛനൊരു സോ കോൾഡ് ബിജെപിക്കാരൻ അല്ലെന്നും പഴയ എസ്എഫ്ഐക്കാരൻ ആണെന്നും മകനും നടനുമായ ഗോകുൽ സുരേഷ് പ്രതികരിച്ചു.
‘അച്ഛൻ ഒരു രാഷ്ട്രീയക്കാരനാണ്. ഇപ്പോൾ ബിജെപിയിലാണ് ഉള്ളത്. അച്ഛൻ ആളുകൾക്ക് നല്ലത് മാത്രം വരണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ്. എന്തിനാണ് അതൊക്കെയെന്ന് ഞാൻ ചിലപ്പോൾ ആലോചിക്കാറുണ്ട്. പക്ഷെ അങ്ങനെയൊരു ആളാണ് അച്ഛൻ. ആ ആളിനെ ഞാൻ ബഹുമാനിക്കുന്നുണ്ട്. അത് വേറെയൊരു ചിന്താഗതി തന്നെയാണ്. അതെനിക്ക് ഒന്നും സാധിക്കില്ല. ഞാൻ കുറച്ച് കൂടി സാധാരണ മനുഷ്യനാണ്’-ഗോകുൽ പറഞ്ഞു.
‘അച്ഛൻ ഒരു രാഷ്ട്രീയക്കാരനാണ്, ബിജെപിയിലാണെന്ന് മാത്രം. അച്ഛൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ഒരു തരത്തിലും അഴിമതിയില്ലാതെ നാട്ടുകാരെ സേവിക്കുന്നുണ്ട്. ചിലപ്പോൾ സ്വന്തം പോക്കറ്റിൽ നിന്ന് പോലും എടുത്ത് കൊടുത്ത് തന്നെ. അത് അച്ഛന്റെ ഇഷ്ടമാണ്. അച്ഛന്റെ സമ്പാദ്യമാണ്. അതുകൊണ്ട് തന്നെ എന്ത് ചെയ്യണം എന്നത് അച്ഛന്റെ തീരുമാനമാണ്. അതിനെ ഞാൻ പിന്തുണക്കുന്നുണ്ട്.’ ഗോകുൽ ദ ക്യൂവിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
രാഷ്ട്രീയപരമായ ചിന്താഗതിയിൽ അച്ഛനും താനുമായി വ്യത്യാസമുണ്ടെന്നും അത് അച്ഛന് അറിയുന്ന കാര്യവുമാണെന്ന് ഗോകുൽ പറയുന്നു. പക്ഷെ ഇതുവരെ അതേ കുറിച്ച് എന്നോട് ചോദിച്ചിട്ടില്ല. എനിക്ക് സോഷ്യലിസമാണ് ഇഷ്ടം. കൃത്യമായി സോഷ്യലിസം കൊണ്ട് വരേണ്ട സ്ഥലത്തു നിന്ന് അത് കാണുന്നില്ല. അതുകൊണ്ട് തന്നെ ഒരു പാർട്ടിയോടും താത്പര്യമുണ്ടെന്ന് എനിക്ക് പറയാൻ തോന്നുന്നില്ലെന്നും ഗോകുൽ വ്യക്തമാക്കി.
‘അച്ഛൻ സ്വതന്ത്രനായി നിന്നിരുന്നെങ്കിൽ നല്ലതായിരുന്നു എന്ന് ഒരുപാട് അഭിപ്രായങ്ങൾ കേട്ടിരുന്നു. പക്ഷെ അതിനും മറ്റൊരു വശമുണ്ട്. അങ്ങനെ ആയിരുന്നെങ്കിൽ കുടുംബം വിൽക്കേണ്ടി വന്നേനെ. അപ്പോൾ ബിജെപിയുടെ കൂടെ അടി അച്ഛന് കിട്ടും. അച്ഛന് എല്ലാ പാർട്ടിയിലെയും പ്രമുഖരായി വളരെ അടുപ്പമുണ്ടായിരുന്നതാണ്.’- ഗോകുൽ പറയുന്നു.
‘പലരും പറഞ്ഞു കേട്ടിട്ടുണ്ട്, അച്ഛൻ കോൺഗ്രസിന്റെ ഇതായിരുന്നു എന്നൊക്കെ. അങ്ങനെയൊന്നുമില്ല. അച്ഛൻ എസ്എഫ്ഐക്കാരനായിരുന്നു. അച്ഛന് നായനാർ സാറുമായും കരുണാകരൻ സാറുമായും വളരെ അധികം അടുപ്പമുണ്ടായിരുന്നു. ചെറുപ്പത്തിലേ കാര്യമാണ്. ഇത് ഞാൻ കേട്ട് അറിഞ്ഞിട്ടുള്ള കാര്യങ്ങളാണ്. ഒരുപാട് ഫോട്ടോസ് എല്ലാം വീട്ടിലുണ്ട്. അതുകൊണ്ട് തന്നെ അച്ഛൻ നാട്ടുകാർ എല്ലാം വിചാരിക്കുന്നത് പോലെ ഒരു സോ കോൾഡ് ബിജെപിക്കാരനല്ല’, എന്നും ഗോകുൽ പ്രതികരിച്ചു.
Discussion about this post