കോട്ടയ്ക്കൽ: ‘ആണുങ്ങൾക്ക് ഓടിക്കാമെങ്കീ… നമുക്കും ആയിക്കൂടെ..’ ലോറിയുടെ വളയംപിടിച്ച് ജുമൈലയുടെ ചോദ്യമിതാണ്. ഷാൾ എടുത്തുകെട്ടി ലോറിയിലേക്ക് ചാടിക്കയറുന്ന ജുമൈലയ്ക്ക് പതിൻമടങ്ങ് പിന്തുണയുമായി ഭർത്താവ് ഹാരിസും കുടുംബവും ഒപ്പമുണ്ട്.കഴിഞ്ഞ തിങ്കളാഴ്ച ജുമൈലയ്ക്ക് പോസ്റ്റലായി ഒരു കവറെത്തി. നീണ്ട ഒരു മാസത്തെ കാത്തിരിപ്പിനൊടുവിൽ കൈയിൽക്കിട്ടിയ ഹെവി ഡ്രൈവിങ് ലൈസൻസ് ആയിരുന്നു ഇത്.
അപൂർവമായി മാത്രം സ്ത്രീകൾ ഹെവി ലൈസൻസ് എടുക്കുന്നിടത്താണ് മുപ്പത്തെട്ടുകാരിയായ ജുമൈല ഈ നേട്ടം സ്വന്തമാക്കിയത്. മരുതിൻചിറ ഓണത്തുക്കാട്ടിൽ ഒ.കെ. ജുമൈലയ്ക്ക് വണ്ടിയോടിക്കൽ ഏറെ പ്രിയപ്പെട്ടതാണ്. 2009- ൽ ലൈസൻസ് സ്വന്തമാക്കിയത് മുതൽ സ്കൂട്ടിയും കാറുമെല്ലാം ഓടിക്കു. സ്ത്രീകൾ വലിയ വാഹനങ്ങൾ ഓടിക്കുന്ന വീഡിയോ യൂട്യൂബിൽ കണ്ടപ്പോൾ തോന്നിയ കൗതുകമാണ് ഇന്ന് ജുമൈലയെ ലോറിയുടെ ഡ്രൈവർ സീറ്റിലേയ്ക്ക് എത്തിച്ചത്.
ഹെലി ലൈസൻസ് എടുക്കാൻ കോട്ടയ്ക്കലിലുള്ള സ്ഥാപനത്തിൽ ഒരു ദിവസം പരിശീലനം നടത്തി. റോഡ് ടെസ്റ്റ് ആദ്യതവണ തന്നെ ജയിച്ചു. ‘ടി’ രണ്ടാമത്തെ തവണയാണ് ലഭിച്ചത്. തിരൂർ ആർ.ടി.ഒ. ഓഫീസിൽ നിന്നാണ് ലൈസൻസ് കിട്ടിയത്. പത്താംക്ലാസ് വിദ്യാഭ്യാസമുള്ള ജുമൈല മാറാക്കര സി.എച്ച്.സെന്ററിൽ പാലിയേറ്റീവ് വൊളന്റിയറായി ജോലിചെയ്യുന്നുണ്ട്.
ഹെവി ലൈസൻസ് സ്വന്തമാക്കിയത് ഉപജീവനമാർഗത്തിനായല്ല, അതിലെ കൗതുകവും ആഗ്രഹവുംകൊണ്ട് മാത്രമാണെന്ന് ജുമൈല പറയുന്നു. മക്കളായ ഫാത്തിമ റിൻഷ, ഫാത്തിമ ഖസൽ, ആയിഷ എന്നിവരും ആഗ്രഹത്തിന് കൂട്ടായി ഉണ്ട്. ശരിക്കും പറഞ്ഞാ.. വലിയ വണ്ടികളോടിക്കണതാ സുഖം. ലോഡുള്ള വണ്ടിയായാൽ കുറച്ചൂടെ എളുപ്പമാണെന്നും ജുമൈല കൂട്ടിച്ചേർത്തു.
Discussion about this post