കോഴിക്കോട്: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന് വിജയ്ബാബുവിന് കോടതി ജാമ്യം നല്‍കിയതില്‍ പ്രതികരിച്ച് അതിജീവിതയുടെ പിതാവ് രംഗത്ത്. പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തുമാവാമെന്ന ചിന്തയാണെന്ന് പിതാവ് പറഞ്ഞു.
വിധിയില്‍ ഏറെ നിരാശരാണെന്നും തെറ്റുകള്‍ ചെയ്യാന്‍ പോവുന്ന ആളുകള്‍ക്ക് അത് ആവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന വിധിയായിപ്പോയി. എന്തുവന്നാലും പിന്മാറില്ലെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും പിതാവ് വ്യക്തമാക്കി.
കേസില്‍ നിന്ന് പിന്മാറാന് അതിജീവിതയുടെ വിദേശത്തുള്ള സഹോദരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു. സ്വന്തം സഹോദരിക്കോ അമ്മയ്ക്കോ എന്തെങ്കിലും സംഭവിച്ചാല്‍ മാത്രമേ അതിന്റെ വേദനയറിയൂ. തനിക്ക് പേടിയില്ലെന്ന് പറഞ്ഞ് ലൈവില്‍ വന്ന വ്യക്തി എന്തിനാണ് നാടുവിട്ടത്. കേസ് കൊടുക്കരുതെന്ന് പറഞ്ഞ് അയാള്‍ കാല് പിടിച്ച കാര്യം തനിക്കറിയാമെന്നും അദ്ദേഹം പറയുന്നു.
ബലാത്സംഗകേസില്‍ ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വിജയ് ബാബു നാട്ടില്‍ ഉണ്ടാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകേണ്ടി വന്നാല്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച കോടതി തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും വ്യക്തമാക്കി.
സമൂഹ മാധ്യമത്തിലൂടെയോ അല്ലാതെയോ അതിജീവിതയെയോ അവരുടെ കുടുംബത്തെയോ അപമാനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കി. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം.
ദുബായിലായിരുന്ന വിജയ് ബാബു ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് വിജയ് ബാബുവിനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഉഭയ സമ്മത പ്രകാരമാണ് ലൈംഗിക ബന്ധമെന്നും സിനിമയില്‍ അവസരം നിഷേധിച്ചപ്പോഴാണ് നടി പരാതി ഉന്നയിച്ചതെന്നും വിജയ് ബാബു പറഞ്ഞു. ശാരീരികമായി ഉപദ്രവിച്ചു എന്ന നടിയുടെ പരാതി വിജയ് ബാബു നിഷേധിച്ചിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 26നാണ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിജയ് ബാബു
പീഡനത്തിന് ഇരയാക്കിയെന്ന് നടി വെളിപ്പെടുത്തിയത്. സൗത്ത് പോലീസില്‍ പരാതിയും നല്കി. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വിജയ് ബാബു നടിയുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയിരുന്നു.
പരാതിക്ക് പിന്നാലെ വിദേശത്തേക്ക് പോയ വിജയ് ബാബു 39 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്. നടിയെ പീഡിപ്പിച്ചു, ഇരയുടെ പേര് വെളിപ്പെടുത്തി എന്നീ രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Discussion about this post