കണ്ണൂർ: കണ്ണൂരിലെ നൂറോളം വരുന്ന പെന്തകോസ്ത് കുടുംബങ്ങളിലെ ആരെങ്കിലും മരണപ്പെട്ടാൽ മറവുചെയ്യാൻ സ്ഥലമില്ലാതെ നരകിക്കുന്ന ദുരവസ്ഥയ്ക്ക് മാറ്റം വരുത്താനായി ഇടപെട്ട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. ജില്ലയിൽ പെന്തകോസ്ത് വിഭാഗക്കാർക്ക് സ്വന്തമായി സമുദായ ശ്മശാനമില്ലാത്തതിനാൽ തന്നെ സഭയിലെ ആരെങ്കിലും മരണപ്പെട്ടാൽ 90 കിലോമീറ്റർ അകലെയുള്ള കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിലുള്ള ശ്മശാനത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ്. വർഷങ്ങളായി നാല് മണിക്കൂറോളം യാത്ര ചെയ്താണ് ഈ കുടുംബങ്ങളിലുള്ളവർ മരണാനന്തര ചടങ്ങുകൾ നടത്താൻ മൃതദേഹവുമായി കോഴിക്കോട്ടേക്ക് എത്തുന്നത്.
ചോനാട പ്രേയർസെന്ററിന് വേണ്ടി ഇന്ത്യൻ പെന്തകോസ്തൽ ചർച്ച് ഓഫ് ഗോഡ് വിഭാഗത്തിലെ കഴുന്നടിയിൽ ജോൺ മാത്യു സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ. ടിവി മുഹമ്മദ് ഫൈസൽ മുഖേനെ പരാതി സമർപ്പിച്ചതോടെയാണ് സംഭവത്തിൽ കമ്മീഷന്റെ ഇടപെടലുണ്ടായത്.
ഈ ഗതികേടിന് അറുതി വരുത്താനായി തദ്ദേശ സ്ഥാപനങ്ങളുടേയും ജില്ലാഭരണകൂടത്തിന്റേയും ജില്ലാപോലീസിന്റേയും വിശദമായ റിപ്പോർട്ട് തേടിയ കമ്മീഷൻ പരാതിയിലെ നിജസ്ഥിതി വിലയിരുത്തി. സമർപ്പിക്കപ്പെട്ട റിപ്പോർട്ടിൽ നിന്നും പെന്തകോസ്ത് വിഭാഗത്തിന്റെ ബുദ്ധിമുട്ട് മനസിലാക്കിയ ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ. ടിവി മുഹമ്മദ് ഫൈസൽ കണ്ണൂർ ജില്ലാകളക്ടറോട് ഉടനടി പ്രശ്‌നത്തിന് പരിഹാരം കാണാൻ ഉത്തരവിട്ടിരിക്കുകയാണ്. ശ്മശാനത്തിന് ആവശ്യമായ ഭൂമി കണ്ണൂർ ജില്ലയിൽ തന്നെ കണ്ടെത്താനാണ് കമ്മീഷന്റെ നിർദേശം. ആറുമാസത്തിനകം ഉത്തരവിലുണ്ടായ നടപടി സംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്നും കളക്ടറോട് നിർദേശിച്ചിട്ടുണ്ട്.
സർക്കാരിന്റെ ഉപയോഗമില്ലാതെ കിടക്കുന്ന ഭൂമിയോ സ്വകാര്യ ഭൂമിയോ കണ്ടെത്തി സ്വന്തമായി ശ്മശാനമോ സെമിത്തേരിയോ ഇല്ലാത്ത ന്യൂനപക്ഷ വിഭാഗങ്ങൾ ഉൾപ്പടെയുള്ള സമുദായങ്ങൾക്ക് വിട്ടുനൽകണമെന്നാണ് കമ്മീഷൻ ഉത്തരവ്. സംഭവത്തിൽ ജില്ലാഭരണകൂടം സ്വീകരിച്ച നടപടി ആറുമാസത്തിനകം അറിയിക്കണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
ALSO READ- ന്യൂനപക്ഷ കമ്മീഷൻ ഇടപെട്ടു; കീം പ്രവേശന പരീക്ഷ മാറ്റിവെച്ചു
ഏകദേശം നൂറോളം ക്രിസ്തീയ പെന്തക്കോസ്ത് വിശ്വാസികളുള്ള സഭയാണ് കണ്ണൂരിലെ ചോനാട പ്രേയർ സെന്ററിന് കീഴിലുള്ളത്. ഈ ചെറിയ സഭയ്ക്ക് കീഴിലുള്ള കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശത്തുള്ള വിശ്വാസികളിൽ ആരെങ്കിലും മരിച്ചാൽ, മൃതദേഹം മറവു ചെയ്യുന്നതിന് ശ്മശാനം തേടി കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിക്ക് സമീപം മീൻമുട്ടിയിലെ പൊതുശ്മശാനത്തിലേക്ക് പോവേണ്ടി വരുന്ന ദുരവസ്ഥയിലാണെന്ന് ഇവർ പറയുന്നു.
സംഭവത്തിൽ പരാതി ലഭിച്ചയുടൻ വിഷയത്തിൽ ഇടപെട്ട ന്യൂനപക്ഷ കമ്മീഷൻ കണ്ണൂർ ജില്ലാ കളക്ടറിൽ നിന്നും കണ്ണൂർ ജില്ലാ പോലീസ് മേധാവിയിൽ നിന്നും റിപ്പോർട്ടുകൾ തേടിയിരുന്നു. കണ്ണൂർ ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഹർജിക്കാരന്റെ സഭയിൽ 60 കുടുംബങ്ങളിലായി ഏകദേശം നൂറിലധികം അംഗങ്ങൾ തലശേരി പ്രദേശത്ത് തന്നെയുണ്ടെന്നും ഇവരുടെ പ്രാർത്ഥനാലയം കുയ്യാലി എന്ന സ്ഥലത്തെ പള്ളിയാണെന്നും വിശദീകരിച്ചിരുന്നു.
എന്നാൽ ക്രിസ്ത്യൻ പെന്തക്കോസ്ത് വിഭാഗക്കാരായ ഇവർക്ക് മരണപ്പെട്ടാൽ സമീപത്ത് സെമിത്തേരിയില്ലാത്തതിനാൽ ജില്ലയ്ക്ക് പുറത്ത് കോഴിക്കോട്ടെ ശ്മശാനത്തെയാണ് ആശ്രയിക്കുന്നതെന്നും പോലീസ് മേധാവിയുടെ റിപ്പോർട്ട് പറയുന്നു. അതേസമയം, പരാതിക്കാരന്റെ ആവശ്യം പരിഗണിച്ച് സെമിത്തേരി അനുവദിക്കാനായി തലശേരി സ്‌റ്റേഷൻ പരിധിയിൽ ഭൂമി കിട്ടാനില്ലെന്നും റിപ്പോർട്ടിലുണ്ട്. സർക്കാരാണ് ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കേണ്ടത് എന്നായിരുന്നു പോലീസിന്റെ റിപ്പോർട്ടിലെ ഉള്ളടക്കം.
കണ്ണൂർ ജില്ലാ കളക്ടർ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിൽ, കണ്ണൂർ ജില്ലയിൽ സെമിത്തേരി ലഭ്യമല്ലത്തതിനാൽ എരഞ്ഞോളി പഞ്ചായത്ത് പരിധിയിൽ പൊതുശ്മശാനം നിർമ്മിക്കുന്നതിനായി പദ്ധതി രൂപീകരിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നു. എന്നാൽ, ഇവിടെയും സ്ഥലം ലഭ്യമല്ലാത്തതിനാൽ പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് എരിഞ്ഞോളി പഞ്ചായത്ത് സെക്രട്ടറി കളക്ടറെ അറിയിച്ചത്.
തുടർന്ന് കണ്ണൂർ ജില്ലയിലെ മറ്റ് പ്രദേശങ്ങളിൽ ഏവിടെയെങ്കിലും പെന്തക്കോസ്ത് വിഭാഗക്കാർക്ക് സെമിത്തേരിക്കായി സ്ഥലം ലഭ്യമാണോ എന്ന് പരിശോധിക്കാനായി എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടേയും സെക്രട്ടറിമാർക്ക് കളക്ടർ അടിയന്തിര നിർദേശം നൽകിയിരുന്നു.
എന്നാൽ കണ്ണൂർ കോർപ്പറേഷൻ സെക്രട്ടറി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ജില്ലയിലെ വിവിധ മിനിസിപ്പൽ സെക്രട്ടറിമാരും, പഞ്ചായത്ത് സെക്രട്ടറിമാരും തങ്ങളുടെ അധികാരപരിധിയിൽ ക്രിസ്ത്യൻ പെന്തക്കോസ്ത് വിഭാഗക്കാർക്ക് സെമിത്തേരിക്കായി സ്ഥലം ലഭ്യമല്ലായെന്ന നിലപാടാണ് സ്വീകരിച്ചത്. തുടർന്ന് കളക്ടറും സർക്കാരിന്റെ തുടർനടപടിക്കായാണ് ശുപാർശ ചെയ്തത്.
ഇതോടെ അംഗങ്ങൾ കുറവായ പെന്തക്കോസ്ത് വിഭാഗത്തിന് സ്വന്തമായി ഒരു സെമിത്തേരിയോ സ്ഥലം സ്വന്തമായി വാങ്ങി സെമിത്തേരി നിർമ്മിക്കാൻ ശേഷിയോ ഇല്ലെന്ന് കമ്മീഷൻ കണ്ടെത്തി. മറ്റ് സഭയിലെ ശ്മശാനങ്ങളിൽ പെന്തകോസ്ത് വിഭാഗക്കാരുടെ മൃതദേഹം അടക്കം ചെയ്യാൻ അനുവദിക്കാറില്ല.
അതുകൊണ്ട് തന്നെ ഭൂമി ലഭ്യമല്ല എന്ന തദ്ദേശ സ്ഥാപനങ്ങളുടെ മറുപടി നിഷേധാത്മകമെന്ന് വിലയിരുത്തിയ കമ്മീഷൻ, എല്ലാ ബഹുമതികളോടും മാന്യതയോടും കൂടി മൃതദേഹം അടക്കം ചെയ്യുക എന്നുള്ളത് മനുഷ്യ സമൂഹത്തിന്റെയും സർക്കാരിന്റെയും മേലുള്ള ഒരു നിർബന്ധിത കടമയാണെന്നാണ് പ്രതികരിച്ചത്. ഏകദേശം നാലു മണിക്കൂർ യാത്ര ചെയ്ത് ശവം മറവുചെയ്യാനായി പോകേണ്ടി വരുന്നത് മാന്യമായി മൃതദേഹം മറവുചെയ്യാനുള്ള മനുഷ്യാവകാശത്തെ പോലും ഹനിക്കുന്നതാണെന്ന് ന്യൂനപക്ഷ കമ്മീഷൻ വിലയിരുത്തുന്നു.
ഒരാൾ മരണപ്പെട്ടാൽ അയാളുടെ മൃതശരീരം മാന്യമായും സമാധാനപരമായും മറവുചെയ്യുന്നതിനു വേണ്ട സ്ഥലം കെണ്ടത്തുക എന്നത് പൊതുസമൂഹത്തിന്റെയും സർക്കാരിന്റെയും ബാദ്ധ്യതയാണെന്നും കമ്മീഷൻ നിരീക്ഷിച്ചു.
ഇക്കാര്യം ഉൾക്കൊണ്ടു കൊണ്ടാണ് കണ്ണൂർ ജില്ലയിൽ എവിടെയെങ്കിലും പെന്തക്കോസ്ത് വിഭാഗത്തിന്റെയും ഇതുപോലെ ശ്മശാനം ഇല്ലാത്ത മറ്റു സമുദായങ്ങളുടെയും മതവിഭാഗങ്ങളിൽപ്പെട്ടവരുടെയും മൃതദേഹങ്ങൾ മറവു ചെയ്യുന്നതിന് ഒരു സ്ഥലം കണ്ടെത്തുക എന്ന നിർദേശം കമ്മീഷൻ മുന്നോട്ട് വെച്ചത്.
ഈ പദ്ധതി നടപ്പാക്കേണ്ടത് സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ചുമതലയും ബാദ്ധ്യതയുമാണ്. അതുകൊണ്ടുതന്നെ കണ്ണൂർ ജില്ലയിൽ എവിടെയെങ്കിലും സർക്കാർ പുറമ്പോക്ക് ഭൂമിയോ ശ്മശാനം/സെമിത്തേരി നിർമ്മിക്കുന്നതിന് അനുയോജ്യമായ ഭൂമി കണ്ടെത്തുക എന്നത് ജില്ലാ ഭരണകൂടത്തിന്റെയും സർക്കാരിന്റെയും
കടമയും ബാദ്ധ്യതയുമാണെന്ന് കമ്മീഷൻ അംഗം അഡ്വ ടിവി മുഹമ്മദ് ഫൈസൽ വിലയിരുത്തി.
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആക്ടിലെ 9(സി) വകുപ്പ്പ്രകാരം ന്യൂനപക്ഷങ്ങളുടെ പ്രത്യേക പരാതിയിന്മേൽ അന്വേഷണം നടത്തുകയും അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടു വരികയും പരിഹാര നടപടിയും തുടർനടപടിയും നിരീക്ഷിക്കുകയും കമ്മീഷന്റെ ചുമതലയാണ്. അതുകൊണ്ടുതന്നെ കമ്മീഷന്റെ അധികാരം ഉപയോഗിച്ചാണ് പരിഹാര നടപടി നിർദേശിച്ചിരിക്കുന്നത്. പരാതിയിലെ പ്രശ്‌നപരിഹാരത്തിന് ജൂൺ 25ന് രാവിലെ പതിനൊന്നിന് ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ. ടിവി മുഹമ്മദ് ഫൈസൽ കണ്ണൂർ കളക്ട്രേറ്റിൽ യോഗം വിളിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയിൽ എവിടെയെങ്കിലും സർക്കാർ റവന്യൂ ഭൂമിയോ സ്വകാര്യഭൂമിയോ സെമിത്തേരി/ശ്മശാനം ലഭ്യമല്ലാത്ത മതവിഭാഗങ്ങൾക്കായി എത്രയുംവേഗം കെണ്ടത്തി നൽകണമെന്ന് കണ്ണൂർ ജില്ലാ കളക്ടറോട് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ എടുത്ത നടപടി വ്യക്തമാക്കി ഒരു റിപ്പോർട്ട് ആറുമാസത്തിനുള്ളിൽ കമ്മീഷന് മുന്നിൽ കണ്ണൂർ ജില്ലാ കളക്ടർ സമർപ്പിക്കുകയും വേണമെന്ന് കമ്മീഷൻ അംഗം അഡ്വ. ടിവി മുഹമ്മദ് ഫൈസൽ പുറപ്പെടുവിച്ച ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
Discussion about this post